പൂര്‍ണിമ ഇന്ദ്രജിത് ഇനി ബോളിവുഡിലും

November 17, 2020
Poornima Indrajith Bollywood Cinema

ബോളിവുഡിലും സാന്നിധ്യമറിയിക്കാന്‍ ഒരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്. അടുത്തിടെ മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത് തായിഷ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ചിരുന്നു ഇതിന് പിന്നാലെയാണ് പൂര്‍ണിമയുടെ ബോളിവുഡ് പ്രവേശനം. കോബാള്‍ട്ട് ബ്ലൂ എന്നാണ് പൂര്‍ണിമ അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ പേര്.

സച്ചിന്‍ കുന്ദല്‍ക്കര്‍ ആണ് സിനിമയുടെ സംവിധാനം. ഹിന്ദി- ഇംഗ്ലീഷ് സിനിമയാണ് കോബാള്‍ട്ട് ബ്ലൂ. സച്ചിന്‍ എഴുതിയ കോബാള്‍ട്ട് ബ്ലൂ എന്ന മറാത്തി നോവലിനെ അധികരിച്ചാണ് സിനിമ ഒരുങ്ങുന്നത്. പ്രതീക് ബബ്ബര്‍ ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നു. ഒരു വീട്ടില്‍ കഴിയുന്ന രണ്ട് സഹോദരിമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

നായികയായും സഹനടിയായുമെല്ലാം മലയാളസിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമാണ് പൂര്‍ണിമ ഇന്ദ്രജിത്. എന്നാല്‍ ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടുനിന്ന താരം അവതാരകയായും മിനിസ്‌ക്രീനില്‍ തിളങ്ങി. രണ്ടാം ഭാവം, വര്‍ണ്ണക്കാഴ്ചകള്‍, വല്യേട്ടന്‍, നാറാണത്തു തമ്പുരാന്‍, ഉന്നതങ്ങളില്‍, മേഖമല്‍ഹാര്‍, ഡാനി എന്നിവയാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രധാന സിനിമകള്‍.

Read more: ‘ബൊമ്മി’യെ സ്വീകരിച്ചതിന് ഹൃദയം നിറഞ്ഞ നന്ദിയുമായി അപര്‍ണ ബാലമുരളി

നീണ്ട ഇടവേളയ്ക്ക് ശേഷം നിപ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം നിര്‍വഹിച്ച വൈറസ് എന്ന ചിത്രത്തിലും പൂര്‍ണിമ ഇന്ദ്രജിത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നിവിന്‍ പോളി നായകനായെത്തുന്ന തുറുമുഖം എന്ന ചിത്രത്തിലും പൂര്‍ണിമ ഇന്ദ്രജിത് കഥാപാത്രമായെത്തുന്നുണ്ട്.

അതേസമയം ചലച്ചിത്രതാരം, അവതാരക എന്നതിനൊക്കെ അപ്പുറം ഫാഷന്‍ ഡിസൈനര്‍ എന്ന രീതിയിലാണ് പൂര്‍ണിമ ഇന്ദ്രജിത് കൂടുതല്‍ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വസ്ത്രങ്ങളും ഹെയര്‍ സ്റ്റൈലുമൊക്കെ പലപ്പോഴും ഫാഷന്‍ലോകത്ത് ശ്രദ്ധിക്കപ്പെടുന്നു.

Story highlights: Poornima Indrajith Bollywood Cinema