ഏകദിന ടീമിലും ഇടംനേടി സഞ്ജു സാംസൺ; രോഹിത് ശർമ്മ ടെസ്റ്റിൽ മാത്രം

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പരമ്പരയ്ക്കുള്ള ഏകദിന ടീമിലും ഇടം നേടി സഞ്ജു സാംസൺ. മുൻപ് ഐപിഎല്‍ പ്രകടനങ്ങളുടെ മികവില്‍ ടി20 ടീമില്‍ സഞ്ജുവിനെ തിരഞ്ഞെടുത്തിരുന്നു. രണ്ടാം വിക്കറ്റ് കീപ്പർ എന്ന നിലയിലാണ് സഞ്ജുവിനെ ഏകദിന ടീമിൽ എടുത്തിരിക്കുന്നത്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ലോകേഷ് രാഹുല്‍ ആണ് ടീമിലെ ഏക കീപ്പര്‍. രാഹുല്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നതുകൊണ്ടാണ് ബാക്കപ്പ് കീപ്പർ എന്ന നിലയിൽ സഞ്ജുവിലേക്ക് അവസരം എത്തിയത്.

നേരത്തെ പ്രഖ്യാപിച്ച ടീമിൽ മാറ്റങ്ങൾ വരുത്തിയത് താരങ്ങളുടെ പരിക്കിനെ തുടർന്നാണ്. ബി.സി.സി.ഐ മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ടീമിൽ മാറ്റങ്ങൾ വന്നത്. അതേസമയം,രോഹിത് ശർമ്മയ്ക്ക് പരുക്ക് പൂർണമായും ഭേദമാകുന്നതിന് ഏകദിന, ട്വന്റി20 പരമ്പരകളിൽ നിന്നും വിശ്രമം നൽകിയിരുന്നു. എന്നാൽ ടെസ്റ്റ് ടീമിൽ രോഹിത് ഇടംനേടി.

അതേസമയം, കുഞ്ഞു ജനിക്കുന്നതുമായി ബന്ധപ്പെട്ട് അവസാന മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിൽനിന്ന് ക്യാപ്റ്റൻ വിരാട് കോലിയെ ഒഴിവാക്കി. ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് കോലി സെലക്ഷൻ കമ്മിറ്റിയെ അറിയിച്ചു.

ടി20 പരമ്പരയില്‍ ഇടം പിടിക്കുവാന്‍ വരുണ്‍ ചക്രവര്‍ത്തിയ്ക്ക് സാധിച്ചുവെങ്കിലും പരിക്ക് കാരണം ഐപിഎലിലെ മറ്റൊരു മിന്നും പ്രകടനക്കാരനായ നടരാജനാണ് ടീമില്‍ ഇടം നേടിയിരിക്കുന്നത്. ടീമിൽ നെറ്റ് ബോളറായി ഉൾപ്പെടുത്തിയിരുന്ന നടരാജന്, ഇതാദ്യമായാണ് ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുന്നത്.

Read More: സീരിയല്‍ താരം ആതിര മാധവ് വിവാഹിതയായി: വീഡിയോ

പരിക്ക് ഭേദമായാൽ ഇഷാന്ത് ശർമ്മയെ ടീമിലേക്ക് പരിഗണിക്കും. വൃദ്ധിമാൻ സാഹയും പരിക്കിനനുസരിച്ച് ടീമിൽ ഇടംനേടാനാകുമെന്ന പ്രതീക്ഷയിലാണ്. നവംബർ 27ന് സിഡ്നിയിൽ നടക്കുന്ന ഏകദിന മത്സരത്തോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്. സിഡ്നിയിലും കാൻബറയിലുമായാണ് ഏകദിന, ട്വന്റി20 മത്സരങ്ങൾ നടക്കുക. അഡ‌ലെയ്ഡ് ഓവലിൽ ഡിംസംബർ 17 മുതൽ പകൽ–രാത്രി മത്സരത്തോടെയാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക.

Story highlights- sanju samson selected to odi team