ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് ‘ഈശ്വരൻ’ ടീസർ- നാടൻ ഹീറോയായി സിമ്പു

November 14, 2020

ദീപാവലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി സിലമ്പരശൻ നായകനാകുന്ന ഈശ്വരന്റെ ടീസർ എത്തി. പുലർച്ചെ 4.32 നാണ് ടീസർ പങ്കുവെച്ചത്. 90 സെക്കൻഡിനടുത്തുള്ള ടീസർ രസകരമായ ഒരു ഫാമിലി എന്റർടെയ്‌നറാണ് ചിത്രം എന്ന സൂചനയാണ് നൽകുന്നത്.നാടൻ കഥാപാത്രമായാണ് സിമ്പു എത്തുന്നതെങ്കിലും നിറയെ ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ട്.

സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള സിമ്പുവിന്റെ മേക്കോവർ വളരെയധികം ശ്രദ്ധ നേടിയിരുന്നു. 100 കിലോ ഭാരത്തിൽ നിന്നും 30 കിലോയാണ് താരം കുറച്ചത്. മേക്കോവർ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സിമ്പു സമൂഹമാധ്യമങ്ങളിൽ മൂന്നു വർഷങ്ങൾക്ക് ശേഷം സജീവമായത്.

2021ൽ പൊങ്കൽ റിലീസായി എത്താനൊരുങ്ങുന്ന ചിത്രത്തിൽ ഭാരതിരാജയും ബാല ശരവണനും പ്രധാന വേഷങ്ങളിൽ എത്തുന്നു. നിധി അഗർവാളാണ് നായിക. വളരെവേഗത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. മാധവ് മീഡിയയുടെ ബാനറിൽ ഡി കമ്പനി നിർമിക്കുന്ന ‘ഈശ്വരൻ’ എന്ന ചിത്രത്തിന് തമൻ സംഗീതം നൽകുന്നു. തിരുനാവുക്കരസ് ഛായാഗ്രഹണവും ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു.

Read More: ‘ഒൻപതു മിനിറ്റിൽ എന്റെ നാൽപ്പത്തിനാല് വർഷങ്ങൾ’- വിജയവും പരാജയവും നിറഞ്ഞ വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

അതേസമയം, വെങ്കട്ട് പ്രഭുവിന്റെ ‘മനാട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണവും സിമ്പു ആരംഭിച്ചു. കല്യാണി പ്രിയദർശനാണ് സിമ്പുവിന്റെ നായികയായി എത്തുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രമെന്ന് പറയപ്പെടുന്നു. തുടർച്ചയായുള്ള പരാജയ ചിത്രങ്ങൾ കാരണം, സമൂഹമാധ്യമങ്ങളിൽ നിന്നും നടൻ ഇടവേളയെടുത്തിരുന്നു. മൂന്നുവർഷത്തിനു ശേഷം സമൂഹമാധ്യമങ്ങളിൽ സിമ്പു സജീവമായതും പുത്തൻ ലുക്ക് പങ്കുവെച്ചുകൊണ്ടായിരുന്നു.

Story highlights- silambarasan’s eswaran teaser