സിമ്പുവിനെ ഭരതനാട്യം പഠിപ്പിച്ച്‌ നടി ശരണ്യ മോഹൻ- ശ്രദ്ധനേടി ചിത്രങ്ങൾ

നടൻ സിമ്പുവിന്റെ മേക്കോവറാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ടെന്നീസ്, ബാസ്കറ്റ് ബോൾ പരിശീലനവും, ദിവസവും രണ്ടുമണിക്കൂറോളമുള്ള നടത്തവും നീന്തലും, നൃത്തവുമെല്ലാം ഉൾപ്പെടുന്നതാണ് സിമ്പുവിന്റെ വർക്ക്ഔട്ട്. കഠിന പരിശ്രമത്തിലൂടെ 101ൽ നിന്നും 70 കിലോയിലേക്ക് എത്തിയ സന്തോഷത്തിലാണ് താരം.

അതേസമയം, നിരവധി കാര്യങ്ങളാണ് സിമ്പു ലോക്ക് ഡൗൺ കാലത്ത് പഠിച്ചത്. അതിൽ ഏറ്റവും ശ്രദ്ധേയം, ഭരതനാട്യത്തിൽ പരിശീലനം നേടുന്നു എന്നതാണ്. മലയാളികളുടെ പ്രിയങ്കരിയായ ശരണ്യ മോഹന്റെ കീഴിലാണ് സിമ്പു ഭരതനാട്യം അഭ്യസിക്കുന്നത്. ശരണ്യ നടന്റെ നൃത്തം പഠിപ്പിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയായിരുന്നു.

ഈശ്വരൻ എന്ന സിനിമയ്ക്കായാണ് ശാരീരികമായ മാറ്റങ്ങൾ വരുത്തിയതെങ്കിൽ നൃത്തം പരിശീലിക്കുന്നത് സിനിമയ്ക്ക് വേണ്ടിയല്ല. നൃത്തത്തിനോടുള്ള ഇഷ്ടം മുൻപും സിമ്പു വ്യക്തമാക്കിയിട്ടുണ്ട്. ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും മാറിനിന്ന സമയത്ത് ഭരതനാട്യം പഠിക്കാൻ തീരുമാനിക്കുകയും ശരണ്യയെ സമീപിക്കുകയുമായിരുന്നു സിമ്പു.

പ്രൊഫഷണൽ നർത്തകിയായ ശരണ്യ മോഹൻ, തിരുവനന്തപുരത്ത് നൃത്ത വിദ്യാലയം നടത്തുകയാണ്. സിനിമയിൽ സജീവമായിരുന്നപ്പോഴും നൃത്തവേദിയിൽ സജീവമായിരുന്നു നടി. തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയാണ് ശരണ്യ മോഹൻ.

Read More: ഷൂട്ടിങ് തിരക്കുകളുമായി വീണ്ടും ടൊവിനോ; ‘കാണെക്കാണെ’ ലൊക്കേഷനിലേക്ക്

അതേസമയം, സുശീന്ദ്രന്റെ ‘ഈശ്വരൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തിറങ്ങി. അടുത്ത വർഷം ആദ്യം ചിത്രം പ്രദർശനത്തിനെത്താനുള്ള തയ്യാറെടുപ്പിലാണ്. അതേസംയമ, തുടർച്ചയായുള്ള പരാജയ ചിത്രങ്ങൾ കാരണം, സമൂഹമാധ്യമങ്ങളിൽ നിന്നും നടൻ ഇടവേളയെടുത്തിരുന്നു. മൂന്നുവർഷത്തിനു ശേഷം സമൂഹമാധ്യമങ്ങളിൽ സിമ്പു സജീവമായതും പുത്തൻ ലുക്ക് പങ്കുവെച്ചുകൊണ്ടായിരുന്നു.

Story highlights: simbu learns Bharatanatyam from Saranya Mohan