പ്രപഞ്ചത്തിലെ ഏറ്റവും ഭീകര ശബ്ദമോ ഇത്; അപൂര്‍വ്വ വീഡിയോ പങ്കുവെച്ച് നാസ

മനുഷ്യന്റെ കാഴ്ചയ്ക്കുമപ്പുറമാണ് പ്രപഞ്ചത്തിലെ പല പ്രതിഭാസങ്ങളും. ഇത്തരം പ്രതിഭാസങ്ങള്‍ പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട്. മനുഷ്യനെ അതിശയിപ്പിക്കുന്ന ഒരു ശബ്ദം പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഒരു നെബുലയുടെ ശബ്ദത്തിന്റെ സോണിഫിക്കേഷന്‍ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.
നക്ഷത്രങ്ങളുടെ അന്ത്യം സംഭവിക്കുന്ന സ്ഫോടനങ്ങള്‍ വഴിയോ അല്ലെങ്കില്‍ നക്ഷത്രങ്ങള്‍ ജന്മം കൊള്ളുമ്പോള്‍ രൂപപ്പെടുന്നവയോ ആണ് നെബുലകള്‍. നക്ഷത്രാന്തരീയ ധൂളികള്‍, ഹൈഡ്രജന്‍ വാതകങ്ങള്‍, പ്ലാസ്മ എന്നിവയാണ് നെബുലകളില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഭൂമിയില്‍ നിന്നും 655 പ്രകാശവര്‍ഷം അകലെയുള്ള ഹെലിക്സ് നെബുലയുടെ ഡേറ്റയാണ് സോണിഫിക്കേഷനിലൂടെ നാസ പുറത്തുവിട്ടിരിക്കുന്നത്.
Read more: കുഞ്ഞിനെ മുട്ടിലിഴയാൻ പഠിപ്പിക്കുന്ന നായക്കുട്ടി; സ്നേഹം നിറച്ചൊരു വീഡിയോ
ദൈവത്തിന്റെ കണ്ണ് എന്നും ഹെലിക്സ് നെബുല അറിയപ്പെടാറുണ്ട്. ഇത് ഭൂമിയ്ക്കടുത്തുള്ള നെബുലകളില്‍ ഒന്നുകൂടിയാണ്. ഹെലിക്സ് നെബുലയില്‍ നിന്നും ലഭിച്ച ഡേറ്റയെ ശ്രവണ രൂപത്തിലാക്കിയിരിക്കുകയാണ് നാസ ഈ വീഡിയോയില്‍.
സാധാരണഗതിയില്‍ ബഹിരാകാശത്ത് നമുക്ക് ശബ്ദം കേള്‍ക്കാന്‍ സാധിക്കില്ല. എന്നാല്‍ ബഹിരാകാശത്തുള്ള വസ്തുക്കളില്‍ സംഭവിക്കുന്ന ചലനങ്ങളെ സോണിഫിക്കേഷനിലൂടെ ശ്രവണരൂപത്തില്‍ കേള്‍ക്കാനാകും എന്നും നാസ വിശദീകരിക്കുന്നു. ഒരു ഡേറ്റയെ ശബ്ദരൂപത്തിലേക്ക് മാറ്റുന്ന ടെക്നോളജിയാണ് സോണിഫിക്കേഷന്‍.
Story highlights: Sonification video of Helix Nebula NASA