പിറന്നാൾ ആഘോഷങ്ങൾ അവസാനിച്ചു- ചിത്രീകരണ തിരക്കിലേക്ക് ചേക്കേറാൻ രജിനികാന്ത്

December 14, 2020

എഴുപതാം പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷം ഷൂട്ടിംഗ് തിരക്കിലേക്ക് ചേക്കേറുകയാണ് നടൻ രജനികാന്ത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ 15ന് വീണ്ടും ആരംഭിക്കാനൊരുങ്ങുകയാണ് താരം. കൊവിഡ് പ്രതിസന്ധി കാരണമായിരുന്നു അണ്ണാത്തെ ഷൂട്ടിംഗ് പാതിവഴിയിൽ മുടങ്ങിയത്. രജിനികാന്തിന് പുറമെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. മുൻപ് രജിനികാന്തിന്റെ അണ്ണാത്തെ ലുക്ക് ശ്രദ്ധ നേടിയിരുന്നു.

കീർ‌ത്തി സുരേഷ്, നയൻ‌താര, മീന, ഖുശ്‌ബു, പ്രകാശ്രാജ്, സതീഷ്, സൂരി‌ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുമെന്ന് നേരത്തേതന്നെ സ്ഥിരീകരിച്ചിരുന്നു. നയൻതാരയും കീർത്തി സുരേഷും ഉൾപ്പെടുന്ന ഭാഗങ്ങളാണ് ആദ്യം ചിത്രീകരിക്കുന്നത്. ഇതിനൊപ്പം തന്നെ ജാക്കി ഷ്രോഫ് ഷൂട്ടിംഗിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില്ലൻ വേഷത്തിൽ ജാക്കി ഷ്രോഫാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More: ഒരു മധുരക്കിനാവിൻ ലഹരിയുമായി പൂർണിമയും ഇന്ദ്രജിത്തും- നൃത്ത വീഡിയോ

ജാക്കി ഷ്രോഫിന്റെ ആദ്യ തമിഴ് ചിത്രമല്ല അണ്ണാത്തെ. ത്യാഗരാജൻ കുമാരരാജയുടെ ആരണ്യ കാണ്ഡം എന്ന ചിത്രത്തിൽ അവിസ്മരണീയമായ വേഷം ചെയ്തുകൊണ്ടാണ് ജാക്കി ഷ്രോഫ് തമിഴ് സിനിമാലോകത്തേക്ക് ചുവടുവച്ചത്. അതിനുശേഷം വിജയ് നായകനായ ബിഗിലിൽ വില്ലൻ വേഷത്തിലും എത്തിയിരുന്നു. അതേസമയം, ഗ്രാമീണ പശ്ചാത്തലത്തിലാണ് അണ്ണാത്തെ ഒരുങ്ങുന്നത്.

Story highlights- annathe movie shooting