ലോകേഷ് കനകരാജ് ചിത്രത്തിൽ കമൽഹാസന്റെ വില്ലനാകാൻ ഫഹദ് ഫാസിൽ
കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ ഫഹദ് ഫാസിൽ എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. വിക്രം എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ലെങ്കിലും പ്രതീക്ഷയോടെയാണ് ആരാധകർ.
കമൽഹാസന്റെ പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ച ചിത്രത്തിന് വളരെയധികം സ്വീകാര്യത ലഭിച്ചിരുന്നു. കൈതി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധനേടിയ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് വളരെയധികം പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്.
കമൽഹാസൻ നായകനാകുന്ന 232–ാം ചിത്രമെന്ന പ്രത്യേകതയും വിക്രത്തിനുണ്ട്. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല് ഫിലിംസാണ് വിക്രം നിര്‍മ്മിക്കുന്നത്. അതേസമയം, വിജയ്യെ നായകനാക്കി മാസ്റ്റർ എന്ന പേരിൽ ലോകേഷ് ഒരുക്കിയ ചിത്രത്തിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് തമിഴ് സിനിമാപ്രേമികൾ.
അതേസമയം, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കിലാണ് ഫഹദ് ഫാസിൽ വേഷമിട്ടത് ഏറ്റവും ഒടുവിൽ വേഷമിട്ടത്. ‘മാലിക്ക്’ ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണെന്നാണ് മഹേഷ് നാരായണൻ പറയുന്നത്. 25 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു. ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ബിജു മേനോൻ, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ആപ്പാനി ശരത്, നിമിഷ സജയൻ എന്നിവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.
Story highlights- fahad fazil roped as antagonist against kamal hassan