“എനിക്കേറ്റവും പ്രിയപ്പെട്ട ലോകേഷിന്..”; തന്റെ ഏറ്റവും വലിയ ആരാധകനായ വിക്രം സംവിധായകൻ ലോകേഷ് കനകരാജിന് ഏറ്റവും വിലപ്പെട്ട സമ്മാനം നൽകി ഉലകനായകൻ

June 7, 2022

അമ്പരപ്പിക്കുന്ന വിജയമാണ് കമൽ ഹാസൻ ചിത്രം ‘വിക്രം’ നേടിക്കൊണ്ടിരിക്കുന്നത്. ലോകത്താകമാനമുള്ള തിയേറ്ററുകളിൽ നിന്നുള്ള ചിത്രത്തിന്റെ കളക്ഷൻ 200 കോടിക്കടുത്തേക്ക് നീങ്ങുകയാണ്. വലിയ കൈയടിയാണ് ചിത്രത്തിന് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ നൽകുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജിന് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ കമൽ ഹാസൻ നൽകിയ ഒരു സമ്മാനത്തിന്റെ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ലക്സസിന്‍റെ ഒരു ആഡംബര കാറാണ് കമല്‍ തന്‍റെ പ്രിയ സംവിധായകന് സമ്മാനിച്ചത്. ചിത്രത്തിന്റെ വമ്പൻ വിജയത്തെ തുടർന്നാണ് കമൽ ലോകേഷിന് വിലപ്പെട്ട സമ്മാനം നൽകിയത്.

അതോടൊപ്പം കമൽ ഹാസൻ തന്റെ കൈപ്പടയിൽ ലോകേഷ് കനകരാജിന് എഴുതിയ ഒരു കത്തും ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ലോകേഷ് തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിൽ കത്ത് പങ്കുവെച്ചത്.

“പ്രിയപ്പെട്ട ലോകേഷ്,

മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥരായ ആരാധകർക്കായുള്ള എന്‍റെ വ്യക്തിപരമായ ആഗ്രഹത്തെ അത്യാഗ്രഹം എന്നാണ് മുൻകാലങ്ങളിൽ നിരൂപകർ വിശേഷിപ്പിച്ചിട്ടുള്ളത്. പക്ഷേ എന്‍റെ ആരാധകരിൽ പ്രധാനിയായ ഒരാളെ ഉന്നതനായ പ്രതിഭയായിക്കൂടി കാണാനാകുന്നത് ആഗ്രഹങ്ങൾക്കും അപ്പുറമാണ്. ‘നിങ്ങളെ സ്തുതിക്കാൻ വാക്കുകൾ കിട്ടുന്നില്ല’ എന്നാരെങ്കിലും പറഞ്ഞാൽ അത് ഞാൻ ആണെങ്കിൽക്കൂടി വിശ്വസിക്കരുത്. കാരണം യുട്യൂബ് ഒന്ന് നോക്കിയാൽ അങ്ങയെ എങ്ങനെ പ്രശംസിക്കണം എന്ന വാക്കുകളുടെ ഒരു നിഘണ്ടു തന്നെ കിട്ടും. ഈ വിധം ഇനിയും തുടരാൻ ആശംസകൾ. അക്ഷീണനായിരിക്കുക, ഉണർന്നിരിക്കുക, വിശപ്പുള്ളവനാവുക. അങ്ങയുടെ ഭക്ഷണപ്പാത്രം എന്നെന്നും നിറഞ്ഞിരിക്കും.

നിങ്ങളുടെ ഞാൻ,
കമൽ ഹാസൻ”

‘ഈ കത്ത് വായിച്ച് ഞാൻ എത്രത്തോളം വികാരഭരിതനായി എന്നത് വാക്കുകൾക്ക് നിർവചിക്കാൻ കഴിയില്ല, ആണ്ടവർക്ക് നന്ദി’ എന്ന കുറിപ്പോടെ ലോകേഷ് തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിൽ കമൽ ഹാസന്റെ കത്ത് പങ്കുവെച്ചത്.

Read More: വർഷങ്ങളായി തനിക്കൊപ്പം ജോലി ചെയ്യുന്ന ഡ്രൈവർക്കായി വലിയ സർപ്രൈസൊരുക്കി രാം ചരൺ; കൈയടിച്ച് ആരാധകർ

Story Highlights: Kamal hasan gift for lokesh kanakaraj