വർഷങ്ങളായി തനിക്കൊപ്പം ജോലി ചെയ്യുന്ന ഡ്രൈവർക്കായി വലിയ സർപ്രൈസൊരുക്കി രാം ചരൺ; കൈയടിച്ച് ആരാധകർ

June 7, 2022

തെലുങ്കിലെ പുതിയ തലമുറയിലെ ഏറ്റവും ജനപ്രീതിയുള്ള നടന്മാരിലൊരാളാണ് രാം ചരൺ. തെലുങ്കിലെ സൂപ്പർ താരം ചിരഞ്ജീവിയുടെ മകൻ കൂടിയായ രാം ചരണിന് വലിയ ആരാധകവൃന്ദമാണ് ഇന്ത്യയൊട്ടാകെയുള്ളത്.

താരപുത്രനാണെങ്കിലും തന്റെ ആരാധകരോടും സഹപ്രവർത്തകരോടുമുള്ള രാം ചരണിന്റെ പെരുമാറ്റം ഇതിന് മുൻപും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ട്. ഇപ്പോൾ വർഷങ്ങളായി തനിക്കൊപ്പം ജോലി ചെയ്യുന്ന ഡ്രൈവർക്ക് രാം ചരൺ കൊടുത്ത ഒരു വലിയ സർപ്രൈസാണ് സമൂഹമാധ്യമങ്ങളിൽ കൈയടി ഏറ്റുവാങ്ങുന്നത്.

ഏറെ വർഷങ്ങളായി രാം ചരണിന്റെ ഡ്രൈവറായി ജോലി നോക്കുന്നയാളാണ് നരേഷ്. നരേഷിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. വലിയൊരു സർപ്രൈസ് പാർട്ടിയാണ് നരേഷിനായി രാം ചരൺ ഒരുക്കിയത്. നരേഷിനായി പിറന്നാൾ കേക്ക് ഉൾപ്പെടെ കരുതിയിരുന്ന താരം തന്റെ ഷൂട്ടിംഗ് തിരക്കുകൾ വരെ മാറ്റിവെച്ചിട്ടാണ് പിറന്നാളാഘോഷത്തിനെത്തിയത്. തന്റെ കൂടെയുള്ളവരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കരുതുന്ന രാം ചരൺ നരേഷിനായി ഒരുക്കിയ സർപ്രൈസ് പിറന്നാൾ ആഘോഷത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ഉപാസന ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.

അതേ സമയം ‘ആർആർആർ’ എന്ന ചിത്രം ബ്രഹ്മാണ്ഡ വിജയമാണ് രാം ചരണിന് നൽകിയത്. ഐതിഹാസിക വിജയം നേടിയ ബാഹുബലി എന്ന ചിത്രത്തിന് ശേഷം തെലുങ്ക് സംവിധായകനായ രാജമൗലി എഴുതി സംവിധാനം ചെയ്ത ചിത്രം എന്ന നിലയിൽ തുടക്കം മുതൽ ലോകമെങ്ങുമുള്ള സിനിമ ആരാധകർ വലിയ ആവേശത്തോടെയാണ് ‘ആർആർആർ’ എന്ന ചിത്രത്തിനായി കാത്തിരുന്നത്. അതോടൊപ്പം തന്നെ രാം ചരണും ജൂനിയർ എൻടിആറും ഒരുമിക്കുന്ന ചിത്രമെന്ന നിലയിലും ആർആർആർ വലിയ ജനശ്രദ്ധ നേടിയിരുന്നു.

Read More: വിക്രത്തിലെ അമർ കൈയടി നേടുന്നു, പക്ഷെ ഫഹദ് തിരക്കിലാണ്; ‘മാമന്നൻ’ ലൊക്കേഷനിൽ നിന്നുള്ള ഫഹദിന്റെ ചിത്രങ്ങൾ വൈറലാവുന്നു

കൊവിഡ് കാരണം പല തവണ റീലീസ് മാറ്റി വച്ച ചിത്രം ഒടുവിൽ മാർച്ച് 25 നാണ് തിയേറ്ററുകളിലെത്തിയത്. തിയേറ്ററിലെത്തിയ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചത്. റെക്കോർഡ് കളക്ഷനാണ് ചിത്രം ലോകത്താകമാനമുള്ള തിയേറ്ററുകളിൽ നിന്ന് നേടിയത്.

Story Highlights: Ram charan gives a surprise birthday party for his driver