‘കനകം കാമിനി കലഹ’ത്തിൽ സീരിയൽ നടിയായി ഗ്രേസ് ആന്റണി

December 19, 2020

നിവിൻ പോളിയുടെ നായികയായി ഗ്രേസ് ആന്റണി വേഷമിടുന്ന കനകം കാമിനി കലഹത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. ഹരിപ്രിയ എന്ന നാടൻ കഥാപാത്രമാണ് ഗ്രേസിന്റേത്. മാത്രമല്ല, ഒരു സീരിയൽ നടി കൂടിയാണ് ഈ കഥാപത്രം. നിവിൻ പോളിയുടെ ഭാര്യാ വേഷത്തിലാണ് താരം എത്തുന്നത്.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം. കൊവിഡ് പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റേയും നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്.

നിവിൻ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോർട്ട് എന്നിവർക്ക് പുറമെ വിൻസി അലോഷ്യസ്,ജാഫർ ഇടുക്കി, ജോയ് മാത്യു എന്നിവരും വേഷമിടുന്നുണ്ട്. രസകരമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘കനകം കാമിനി കലഹം ഒരുങ്ങുന്നത്. നിവിൻ പോളി ഏറെക്കാലമായി കുടുംബനാഥനായുള്ള വേഷങ്ങൾ അവതരിപ്പിച്ചിട്ട്. അതുകൊണ്ട് തന്നെ കണ്ടുപരിചയമുള്ള നിവിൻ പോളി കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും ‘കനകം കാമിനി കലഹം’.

Read More: അസാധാരണ ലുക്കിൽ സാനിയ ഇയ്യപ്പൻ; ശ്രദ്ധനേടി ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ പോസ്റ്റർ

പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്. അതേസമയം, ഹാപ്പി വെഡ്ഡിംഗിലൂടെ സിനിമയിലേക്ക് എത്തിയ ഗ്രേസ് ആന്റണി സിനിമയിൽ മികച്ച വേഷങ്ങളിലൂടെ സജീവമാകുകയാണ്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി എത്തിയതോടെ ഗ്രേസ് ശ്രദ്ധ നേടുകയായിരുന്നു. ഹലാൽ ലൗ സ്റ്റോറിയിലെ ഗ്രേസ് ആന്റണിയുടെ അഭിനയവും നിരൂപക പ്രശംസ നേടി.

Story highlights- Grace Antony plays a TV actress in Kanakam Kamini Kalaham