വിജയ് സേതുപതിയുടെ നായികമാരായി നയൻതാരയും സാമന്തയും- ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’ ചിത്രീകരണം ആരംഭിച്ചു

December 10, 2020

വിജയ് സേതുപതിയുടെ നായികമാരായി നയൻതാരയും സാമന്തയും എത്തുന്ന പുതിയ ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ചിത്രീകരണം ആരംഭിക്കുന്നതായി അറിയിച്ചത്.

സിനിമയുടെ പേരും പോസ്റ്ററും സൂചിപ്പിക്കുന്നതനുസരിച്ച് ഒരു ത്രികോണ പ്രണയ കഥയുമായാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’. ചിത്രത്തിന്റെ രചനയും സംവിധാനവും വിഘ്‌നേശ് ശിവൻ തന്നെയാണ്. സാമന്തയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’.

വിജയ് സേതുപതിക്കൊപ്പം നയൻ‌താര ‘നാനും റൗഡി താൻ’, ‘സെയ്‌റ നരസിംഹ റെഡ്ഢി’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൂപ്പർ ഡ്യുലക്സ് എന്ന ചിത്രത്തിൽ സാമന്തയും വിജയ് സേതുപതിയും ഒന്നിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് 2020 ഏപ്രിലിൽ ആരംഭിക്കാനിരിക്കെയാണ് കൊവിഡ് പ്രതിസന്ധി ഉണ്ടായത്. വൈകിയെങ്കിലും ഷൂട്ടിംഗ് ആരംഭിച്ച സന്തോഷത്തിലാണ് അഭിനേതാക്കൾ.

അതേസമയം, നിഴൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് നയൻ‌താര. നിരവധി ചിത്രങ്ങളിലാണ് നയൻ‌താര നായികയായി എത്തുന്നത്. ദർബാർ എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം ലില്ലി എന്ന കഥാപാത്രമായാണ് ഏറ്റവുമൊടുവിൽ നയൻ‌താര അഭിനയിച്ചത്. ‘നെട്രിക്കൺ’, മൂക്കുത്തി അമ്മൻ, അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങളാണ് നയൻ‌താര നായികയായി വരാനിരിക്കുന്ന ചിത്രങ്ങൾ.

മായയ്ക്ക് ശേഷം അശ്വിൻ ശരൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സാമന്ത നായികയായി വേഷമിടുന്നത്. ഹൊറർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ സംസാരിക്കാനാവാത്ത കാഥാപാത്രമായാണ് സാമന്ത വേഷമിടുന്നത് എന്നാണ് സൂചന.

Read More: ‘അറിഞ്ഞില്ല, ആരും പറഞ്ഞില്ല’- മഞ്ജു വാര്യരെ രസകരമായി ട്രോളി നവ്യ നായർ

 അതേസമയം, ’19 (1)(എ)’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് വിജയ് സേതുപതി ഏറ്റവുമൊടുവിൽ അഭിനയിച്ചത്. മാർക്കോണി മത്തായിക്ക് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.

Story highlights- Kaathu Vaakula Rendu Kaadhal shoot begins