ഇനി പൃഥ്വിരാജിന്റെ കുരുതി; ചിത്രീകരണം ഇന്നുമുതല്‍

December 9, 2020
Kuruthi Shoot Started

നടനായും സംവിധായകനായും നിര്‍മാതാവായുമെല്ലാം സിനിമാ മേഖലയിലെ നിറസാന്നിധ്യമാണ് പൃഥ്വിരാജ് സുകുമാരന്‍. നിരവധിയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളും. പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് കുരുതി. ഇന്നു മുതലാണ് സിനിമയുടെ ചിത്രീകരണം.

‘കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്-ലൈനോടെ എത്തുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് നിര്‍മിക്കുന്നത്. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പൃഥ്വിരാജ് ആരാധകരുമായി പങ്കുവെച്ചിട്ടുമുണ്ട്.

അതേസമയം കോള്‍ഡ് കേസ് ആണ് പൃഥ്വിരാജ് നായക കഥാപാത്രമായെത്തുന്ന മറ്റൊരു ചിത്രം. എസിപി സത്യജിത് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. തനു ബാലക്ക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും.

ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് കോള്‍ഡ് കേസ് എന്ന ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. അദിതി ബാലനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Kuruthi Shoot Started