‘കുറ്റവും ശിക്ഷയും’ രാജസ്ഥാൻ ഷെഡ്യൂൾ പൂർത്തിയാക്കി ആസിഫ് അലി

December 10, 2020

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന പോലീസ് ത്രില്ലർ ചിത്രമാണ് കുറ്റവും ശിക്ഷയും. ചിത്രത്തിന്റെ രാജസ്ഥാൻ ഷെഡ്യൂൾ പൂർത്തിയാക്കി കേരളത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ് ആസിഫ് അലിയും സംഘവും. രാജസ്ഥാൻ ഷെഡ്യൂൾ പൂർത്തിയാക്കിയ വിവരം ആസിഫ് അലിയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

 കേരളത്തിലും രാജസ്ഥാനിലുമായി രണ്ട് ഘട്ടങ്ങളിലായാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. 2020 ഫെബ്രുവരി 7നായിരുന്നു ചിത്രത്തിൻ്റെ ഷൂട്ടിങ് തുടങ്ങിയത്. ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കാൻ പ്ലാനിട്ടിരുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് കൊവിഡിനെ തുടർന്ന് നീളുകയായിരുന്നു.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന്റെ കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

Read More: രാമശ്ശേരി ഇഡ്ഡലിയോട് എങ്ങനെ നോ പറയും; ചിത്രം പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പോലീസ് ഓഫീസറായാണ് ചിത്രത്തിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്നത്. സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Story highlights- kuttavum sikshyum rajasthan schedule packed