‘സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച ഐതിഹാസിക വിജയത്തിന്റെ രണ്ട് പതിറ്റാണ്ടുകൾ’- തെങ്കാശിപ്പട്ടണത്തിന്റെ ഓർമ്മകളിൽ ലാൽ
റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ഒട്ടേറെ താരങ്ങൾ അണിനിരന്ന ചിത്രമാണ് തെങ്കാശിപ്പട്ടണം. 2000-ൽ പുറത്തിറങ്ങിയ ചിത്രം രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കുകയാണ്. സുരേഷ് ഗോപി, ലാൽ, ദിലീപ്, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച തെങ്കാശിപ്പട്ടണം ഇന്നും മലയാളികളുടെ എവർഗ്രീൻ ഹിറ്റ് ചിത്രമാണ്. ഇപ്പോഴിതാ, തെങ്കാശിപ്പട്ടണം 20 വർഷം പൂർത്തിയാകുന്ന വേളയിൽ ആവേശം പങ്കുവയ്ക്കുകയാണ് നടൻ ലാൽ.
‘മലയാളത്തിലെ സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച ഐതിഹാസിക വിജയത്തിന് രണ്ട് പതിറ്റാണ്ടുകൾ തികയുന്നു. ഇപ്പോഴും ഈ ചിത്രം നെഞ്ചിലേറ്റി ഓർമ്മകൾ പങ്കു വയ്ക്കുന്ന മലയാളികൾക്ക് നന്ദി’- ലാലിൻറെ വാക്കുകൾ. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസാണ് . കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.
അതേസമയം, ഈ ചിത്രത്തിലാണ് നടി സംയുക്ത വർമ്മ ഏറ്റവും ഒടുവിൽ വേഷമിട്ടത്. ആ വര്ഷം തന്നെ നടന് ബിജു മേനോനുമായിട്ടുള്ള വിവാഹം കഴിഞ്ഞു. അതോടൊപ്പം സലീം കുമാറിന്റെയും വഴിത്തിരിവ് തെങ്കാശിപ്പട്ടണമായിരുന്നു. ചെറിയ റോളുകളിൽ പ്രത്യക്ഷപ്പെട്ട താരത്തിന് ബ്രേക്ക് നൽകിയത് തെങ്കാശിപ്പട്ടണം.
ഈ ചിത്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം കൂടിയായിരുന്നു താരത്തിന്റേത്. സിനിമയുടെ തുടക്കത്തിൽ തന്നെ സലീം കുമാറിനെ ചിത്രത്തിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. രാശിയില്ല എന്നപേരിലായിരുന്നു അത്. എന്നാൽ, റാഫി അതിന് തയ്യാറായില്ല. ആ സിനിമയുടെ ഏറ്റവും വലിയ ഭാഗ്യമായിരുന്നു സലീം കുമാർ. എന്തായാലും വർഷങ്ങൾക്കിപ്പുറവും മലയാളികൾക്ക് പ്രിയ ചിത്രങ്ങളുടെ ഒപ്പം തെങ്കാശി പട്ടണവുമുണ്ട്.
Story highlights- Lal about thenkashippattanam