സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായി മംമ്ത മോഹൻദാസിന്റെ ലാൽബാഗ്
മംമ്ത മോഹൻദാസിനെ പ്രധാന കഥാപാത്രമാക്കി പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാൽബാഗ്. ചിത്രം ഡിസംബർ 16 ന് സൗത്ത് ഏഷ്യൻ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ബംഗളൂരുവിൽ നടക്കുന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് ചിത്രം മുന്നോട്ട് പോകുന്നത്. സാറ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മംമ്ത അവതരിപ്പിക്കുന്നത്. ഒരു ബർത്ത്ഡേ പാർട്ടിക്കിടെ ഉണ്ടാകുന്ന കൊലപാതകവും അതിനെ തുടർന്നുണ്ടാകുന്ന അന്വേഷണങ്ങളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്.
സെലിബ്സ് ആൻഡ് റെഡ്കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് ആണ് ലാൽബാഗ് നിർമിക്കുന്നത്. സംവിധായകൻ പ്രശാന്ത് മുരളിതന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നതും. മംമ്തയ്ക്കൊപ്പം സിജോയ് വർഗീസ്, രാഹുൽ മാധവ്, നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി കെ പ്രകാശ് എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Read also: മീൻ പൊള്ളിച്ചതും ബീഫ് കറിയും ഞണ്ടു റോസ്റ്റും; ഉച്ചയൂണിന് അമ്മയെ മിസ് ചെയ്യുന്നുവെന്ന് അഹാന
അതേസമയം നിരവധി ചിത്രങ്ങളാണ് മംമ്തയുടെതായി അണിയറയിൽ ഒരുങ്ങുന്നത്. മംമ്ത മോഹൻദാസും ചെമ്പൻ വിനോദും നായികാനായകന്മാരായി എത്തുന്ന ചത്രമാണ് അൺലോക്ക്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാല്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, ഷാജി നവോദയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. മോഷന്‍ പ്രൈം മൂവീസിന്റെ ബാനറില്‍ സജീഷ് മഞ്ചേരിയാണ് ചിത്രത്തിന്റെ നിര്‍മാണം.
Story Highlights: lalbagh movie world premier on december