മീൻ പൊള്ളിച്ചതും ബീഫ് കറിയും ഞണ്ടു റോസ്റ്റും; ഉച്ചയൂണിന് അമ്മയെ മിസ് ചെയ്യുന്നുവെന്ന് അഹാന

December 3, 2020

മലയാളികളുടെ പ്രിയപ്പെട്ട യുവാനായികയാണ് അഹാന കൃഷ്ണ. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് നടി. ലോക്ക് ഡൗൺ സമയത്ത് സഹോദരിമാർക്കൊപ്പം യൂട്യൂബ് ചാനലിൽ സജീവമായിരുന്നു താരം. ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് തിരക്കിലേക്ക് ചേക്കേറിയിരിക്കുകയാണ് അഹാന. ഇത്രയും ദിവസം വീട്ടിലെ ഭക്ഷണവും ആഘോഷങ്ങളുമൊക്കെയായി സജീവമായിരുന്ന അഹാന ഷൂട്ടിംഗ് തിരക്കിനിടയിലും വീട്ടിലെ ഓർമ്മകളിലാണ്.

ഇപ്പോഴിതാ, ഷൂട്ടിംഗ് ലൊക്കേഷനിലെ ഭക്ഷണത്തിനിടെ അമ്മയുടെ ഓർമ്മ പങ്കുവയ്ക്കുകയാണ് അഹാന. നല്ല ഭക്ഷണം കാണുമ്പോൾ അമ്മ മകളെപ്പറ്റിയും, നല്ല ഭക്ഷണം കണ്ടാൽ താൻ അമ്മയെപ്പറ്റിയും ചിന്തിക്കുമെന്നാണ് അഹാന കുറിക്കുന്നത്. മീൻ പൊള്ളിച്ചത്, ബീഫ് കറി, ഞണ്ടു റോസ്റ്റ്, മീൻ കറിയുമൊക്കെയാണ് സെറ്റിലെ ഭക്ഷണങ്ങൾ. ‘ഇന്ന് എനിക്ക് അമ്മയെ വല്ലാതെ മിസ് ചെയ്യുന്നു, കാരണം ഈ ഉച്ചഭക്ഷണം അമ്മയുമായി പങ്കിടാൻ ഞാൻ ആഗ്രഹിച്ചു, മാത്രമല്ല അമ്മയ്ക്ക് ഇത് വളരെ ഇഷ്ടമാകുമായിരുന്നു’ അഹാനയുടെ വാക്കുകൾ.

ഇതിനോടൊപ്പം, എന്തിനാണ് ഇങ്ങനെ നല്ല ഭക്ഷണം തന്ന് എന്നെ വഷളാക്കുന്നത് എന്ന് പ്രൊഡക്ഷൻ ടീമിനോട് രസകരമായി ചോദിക്കുകയുമാണ് അഹാന. നാൻസി റാണി എന്ന ചിത്രമാണ് അടുത്തിടെ അഹാന ഷൂട്ടിംഗ് പൂർത്തിയാക്കിയ സിനിമ. നായികാ പ്രാധാന്യമുള്ള ചിത്രമാണ് ‘നാൻസി റാണി’. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ലാല്‍, അജു വര്‍ഗീസ്, ശ്രീനിവാസൻ, വിശാഖ് നായര്‍, നന്ദു പൊതുവാള്‍, ലെന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത ചിത്രത്തിന്റെ ലൊക്കേഷനിലാണ് താരമിപ്പോൾ.

Read More: സെയ്ഫ് അലി ഖാനെയും കരീനയെയും കുക്കിംഗ് പഠിപ്പിച്ച് തൈമൂർ- രസകരമായ ചിത്രങ്ങൾ

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണകുമാർ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് അഹാന. 

Story highlights- ahaana krishna about location food