‘വേഗം സുഖം പ്രാപിക്കുക സൂര്യാ, അൻപോടെ ദേവ’- രജനീകാന്തിന് ആശംസയുമായി മമ്മൂട്ടി

December 26, 2020

രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച രജനീകാന്തിന് സുഖം പ്രാപിക്കാൻ പ്രാർത്ഥനയും ആശംസയുമായി സിനിമാലോകം സജീവമാണ്. ഇപ്പോഴിതാ, നടൻ മമ്മൂട്ടി രജനീകാന്തിന് ആശംസ അറിയിക്കുകയാണ്. ‘വേഗം സുഖം പ്രാപിക്കുക സൂര്യ, അൻപുടൻ ദേവാ..’ എന്നാണ് രജനീകാന്തിന്റെ ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചിരിക്കുന്നത്.

രജനീകാന്തും മമ്മൂട്ടിയും മത്സരിച്ച് അഭിനയിച്ച ദളപതിയിലെ കഥാപാത്രങ്ങളാണിത്. ആക്ഷനും ഗാനരംഗങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളും ദളപതിയെ ഹിറ്റ് ചിത്രമാക്കി മാറ്റിയിരുന്നു. സൂര്യയും ദേവയും അന്നും ഇന്നും ഉറ്റ സുഹൃത്തുക്കളാണ് എന്ന് തെളിയിക്കുന്നതാണ് മമ്മൂട്ടിയുടെ വാക്കുകൾ.

രജനീകാന്ത് ഹൈദരാബാദിൽ ‘അണ്ണാത്തെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു.എന്നാൽ അണിയറപ്രവർത്തകർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ ആഴ്ച ആദ്യം ഷൂട്ടിംഗ് റദ്ദാക്കിയിരുന്നു. ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം കടുത്ത ഏറ്റക്കുറച്ചിലുകൾ കാണിക്കുകയും കൂടുതൽ വിലയിരുത്തൽ ആവശ്യവുമുള്ള സാഹചര്യത്തിലാണ് ആശുപത്രിയിൽ തുടരുന്നത്.

Read More: ‘ഇതൊന്നുമല്ല, ഇനിയാണ് അനിലിന്റെ അഭിനയവും, കഥാപാത്രങ്ങളെയും നമ്മൾ കാണാൻ ഇരിക്കുന്നത്’- നൊമ്പര കുറിപ്പുമായി സുരഭി ലക്ഷ്‌മി

രജനീകാന്തിന്റെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് ആരംഭിച്ചത്. സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങളുടെ ചിത്രങ്ങൾ നേരത്തെ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. പുതിയ ചിത്രത്തിനായി ലൊക്കേഷനിൽ എത്തിയ രജനീകാന്തിന്റെ ചിത്രം മകൾ ഐശ്വര്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

Story highlights- mammootty about rajanikanth