‘ഇതൊന്നുമല്ല, ഇനിയാണ് അനിലിന്റെ അഭിനയവും, കഥാപാത്രങ്ങളെയും നമ്മൾ കാണാൻ ഇരിക്കുന്നത്’- നൊമ്പര കുറിപ്പുമായി സുരഭി ലക്ഷ്‌മി

December 26, 2020

അപ്രതീക്ഷിതമായി മരണം അനിൽ നെടുമങ്ങാടിന്റെ ജീവൻ കവർന്നപ്പോൾ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ടെലിവിഷൻ രംഗത്തെയും സിനിമാ രംഗത്തെയും സഹപ്രവർത്തകർ. നാടക വേദിയിലെ ഓർമ്മകളും ഒന്നിച്ചഭിനയിക്കാനാകാതെ പോയ ദുഃഖവുമാണ് നടി സുരഭി ലക്ഷ്മി പങ്കുവയ്ക്കുന്നത്.

സുരഭി ലക്ഷ്മിയുടെ വാക്കുകൾ;

അനിലേട്ടാ “അഭിനയ” യിലെ ഒരു അഭിനയ കാലത്തിന്റെ ഓർമ്മ ഇപ്പോഴും മനസ്സിൽ മായാതെ കിടപ്പുണ്ട്. ഞങ്ങൾ റിഹേഴ്സലിന് എത്തുന്നതിന് മുമ്പ് തന്നെ ഒരു കസേരയിൽ സിഗരറ്റും വലിച്ചു അനിലേട്ടനും ഗോപാലേട്ടനും ഭൂലോക ചർച്ചയിൽ ആയിരിക്കും, ചുരുണ്ട മുടിയും പ്രത്യേക ശബ്ദവും താളവും നിറഞ്ഞ സംസാരം, ഇന്നത്തെ ട്രോളൻമാരുടെ രാജാവായിരുന്നു, എന്തൊരു ഹ്യൂമർസെൻസായിരുന്നു.


അനിലേട്ടനും ഗോപാലേട്ടനും വേദിയിൽ ഒരുമിച്ച് എത്തുമ്പോൾ പെർഫോമൻസിന്റെ ലെവൽ തന്നെ മാറും അഭിനയത്തിന്റെ മത്സരം അവിടെ നടക്കും, രണ്ടു ചങ്ങാതിമാരുടെ സൗഹൃദം”നിറഞ്ഞാടൽ”…
ഇങ്ങള് അഭിനയിക്കുന്നത് കാണാൻ ഞാനും പാർവതി ചേച്ചിയും ചിന്നുവും ഷൈലജ ചേച്ചിയും ഒക്കെ കർട്ടന് പിന്നിൽ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഓരോ ദിവസത്തെ റിഹേഴ്സലിന് ഓരോ കാര്യങ്ങളാണ് നിങ്ങൾ പുതുതായി ചെയ്യുന്നത്, ഇന്ന് ചെയ്തതല്ല നാളെ ചെയ്യുന്നത്. എന്നാൽ അത് തന്നെയാണ് താനും. ഈ ഒരു അത്ഭുതം അനിലേട്ടൻ എങ്ങനെയാണ് ചെയ്യുന്നത് എന്ന് കണ്ടുപഠിക്കാൻ ജ്യോതിഷ് ഏട്ടൻ എപ്പോഴും ഞങ്ങളോട് പറയുമായിരുന്നു.


ഞാൻ ഇപ്പോഴും ഓർക്കുന്നു ഒരിക്കൽ നാടകം നടക്കുമ്പോൾ ഓഡിയൻസിൽ ആരുടെയോ മൊബൈൽ റിങ്ങ് ചെയ്യുകയും അയാൾ ശബ്ദത്തിൽ സംസാരിക്കുകയും ചെയ്തപ്പോൾ നാടകം നിർത്തുകയും അദ്ദേഹത്തോടു പുറത്ത് പോയി സംസാരിച്ചു വരൂ ‘ഞങ്ങൾ നാടകം കളിക്കുകയാണ്” എന്ന് പറഞ്ഞു. ശേഷം വീണ്ടും തുടങ്ങുകയും ചെയ്തു,”ഹോ ഈ അനിലേട്ടന്റെ ഒരു കാര്യം” എന്നപറഞ്ഞു ഞങ്ങള് ചിരിക്കും, അഭിനയത്തോട് ഇത്രയും സത്യസന്ധതയും കോൺഫിഡൻസും ഉള്ള ഒരു നടൻ….
അനിലേട്ടനെ സ്ക്രീനിൽ കാണുമ്പോഴൊക്കെ നമ്മളെ തന്നെ സ്ക്രീനിൽ കാണുകയാണെന്ന് തോന്നുമായിരുന്നു അത്രയ്ക്കും ട്രൂത്ഫുൾ ആയിരുന്നു ആ പെർഫോമൻസുകൾ.


ഗായകൻ മഖ്ബൂൽ മൻസൂർന്റെ ഒരു ചിത്രത്തിൽ നമ്മൾ നായിക നായകൻമാർ ആകുന്നു എന്ന സന്തോഷത്തിൽ ഇരിക്കുകയായിരുന്നു ഞാൻ. സിനിമയിൽ അനിലേട്ടന്റെ പെർഫോമൻസ് നൂറിൽ ഒരു ശതമാനം മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ ഇനിയും എത്ര കാലം,എത്ര എത്ര കഥാപാത്രങ്ങളിലൂടെ ജീവിക്കേണ്ട ആളായിരുന്നു. “അനിൽ ഇതൊന്നുമല്ല, ഇനിയാണ് അനിലിന്റെ അഭിനയവും, കഥാപാത്രങ്ങളെയും നമ്മൾ കാണാൻ ഇരിക്കുന്നത്” എന്ന് ജ്യോതിഷേട്ടൻ എപ്പോഴും പറയുമായിരുന്നില്ലേ?… കഥാപാത്രങ്ങളെ ബാക്കിവെച്ച്….ചമയങ്ങൾ ഇല്ലാതെ നമ്മുടെ അനിലേട്ടൻ പോയി ജ്യോതിഷേട്ടന്റെ “നടൻ “.

Story highlights- surabhi lakshmi about anil nedumangad