വിജയ് ചിത്രം ‘മാസ്റ്റർ’ കേരളത്തിലെത്തിക്കാൻ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും
തമിഴകത്തിന്റെ ഇളയദളപതി വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജ് പ്രൊഡക്ഷൻസും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. മുൻപ് വിജയ് നായകനായി എത്തിയ ബിഗിലിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തതും ഇവരായിരുന്നു.
അതേസമയം കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷമുള്ള തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഇളയദളപതി വിജയ്ക്കൊപ്പം വിജയ് സേതുപതിയും എത്തുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾക്കും ടീസറിനുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ കൈതിക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ ലോകേഷ് കനകരാജ് എത്തുമ്പോൾ വാനോളം പ്രതീക്ഷയിലാണ് ആരാധകർ.
Read also: സൂരറൈ പോട്രിലെ അടിപൊളി ഗാനത്തിന് ചുവടുവച്ച് താരപുത്രി; വീഡിയോ
വിദ്യാഭ്യാസ രംഗത്തെ അഴിമതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോളജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റർ. മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. അനിരുദ്ധ് രവിചന്ദർ നിർമിക്കുന്ന ചിത്രത്തിന് സത്യൻ സൂര്യനാണ് സംഗീതം ഒരുക്കുന്നത്.
Story Highlights: Master kerala rights bagged by prithviraj sukumaran