‘അഞ്ചാം പാതിര കഴിഞ്ഞ സ്ഥിതിക്ക്…’; ‘ത്രില്ലര്‍ ബോയ്‌സ്’ വീണ്ടുമെത്തുന്നു എന്ന് കുഞ്ചാക്കോ ബോബന്‍

December 4, 2020
Midhun Manuel Thomas and Kunckacko Boban Announced Another Thriller

കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ ചിത്രമാണ് അഞ്ചാം പാതിര. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചതും. മിഥുന്‍ മാനുവല്‍ ഒരുക്കിയ ആദ്യ ത്രില്ലര്‍ ചിത്രം കൂടിയായിരുന്നു അഞ്ചാം പാതിര. ഇപ്പോഴിതാ മലയാളത്തില്‍ മറ്റൊരു ത്രില്ലര്‍ കൂടി ഒരുക്കാന്‍ ഒരുങ്ങുന്നു എന്ന സൂചന നല്‍കിയിരിക്കുകയാണ് സംവിധായകന്‍.

അഞ്ചാംപാതിര കഴിഞ്ഞ സ്ഥിതിക്ക് എന്ന അടിക്കുറിപ്പിനൊപ്പം മിഥുന്‍മാനുവല്‍ ഒരു ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. കുഞ്ചാക്കോബോബനേയും അഞ്ചാം പാതിരയുടെ നിര്‍മാതാവ ആഷിഖ് ഉസ്മാനേയും മിഥുന്‍ മാനുവലിനൊപ്പം ചിത്രത്തില്‍ കാണാം.

ഇതേ ഫോട്ടോതന്നെ കുഞ്ചാക്കോ ബോബനും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അഞ്ചാം പാതിരയ്ക്ക് ശേഷം മറ്റൊരു ത്രില്ലറിനായി അതേ സംഘത്തിനൊപ്പം ഞങ്ങള്‍ വീണ്ടുമെത്തുകയാണ്, ത്രില്ലര്‍ ബോയ്‌സ് വീണ്ടും’ എന്ന് കുഞ്ചാക്കോബോബനും കുറിച്ചു.

മികച്ച ഒരു കുറ്റാന്വേഷണ സിനിമയാണ് ‘അഞ്ചാം പാതിര’. അന്‍വര്‍ ഹുസൈന്‍ എന്നാണ് ‘അഞ്ചാം പാതിര’യില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ക്രിമിനോളജിസ്റ് ആണ് ഈ കഥാപാത്രം. ഒരു ഇന്‍ ആന്‍ഡ് ഔട്ട് പോലീസ് ഫിക്ഷന്‍ ആണ് ‘അഞ്ചാം പാതിര’.

കുഞ്ചാക്കോ ബോബനു പുറമെ, ഉണ്ണിമായ, ഇന്ദ്രന്‍സ്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. സുഷിന്‍ ശ്യാം ആയിരുന്നു സംഗീതമൊരുക്കിയത്.

Story highlights: Midhun Manuel Thomas and Kunckacko Boban Announced Another Thriller