50 വർഷങ്ങൾക്ക് മുമ്പ് ചിട്ടപ്പെടുത്തിയ ‘ഹിമബിന്ദു’; ആസ്വാദക ഹൃദയങ്ങൾ തൊട്ട് നജീം പിതാവിനൊരുക്കിയ പിറന്നാൾ സമ്മാനം

December 5, 2020

‘ഹിമബിന്ദു പൊഴിയും നിലാവിൽ..അതിലോലം ഒഴുകുന്ന പുഴയിൽ…’ യുവഗായകൻ നജീം അർഷാദിന്റെ ആലാപനത്തിലൂടെ സംഗീത പ്രേമികൾ കേട്ട ഈ ഗാനത്തിനും പറയാനുണ്ട് മനോഹരമായ ഒരു പിറവിയുടെയും അതിജീവനത്തിന്റെയും രൂപാന്തരീകരണത്തിന്റെയും കഥ. ഗായകൻ നജീം പുറത്തുവിട്ട ‘ഹിമബിന്ദു’ എന്ന മ്യൂസിക് വീഡിയോ പിതാവ് ഷാഹുൽ ഹമീദിന് പിറന്നാൾ സമ്മാനമായി നജീമും സഹോദരങ്ങളും ചേർന്ന് ഒരുക്കിയതാണ്. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഗാനം ഇതിനോടകം ആസ്വാദക ഹൃദയങ്ങൾ കീഴടക്കികഴിഞ്ഞു.

അമ്പത് വർഷങ്ങൾക്ക് മുൻപ് നജീമിന്റെ പിതാവ് ഷാഹുൽ ഹമീദ് ചിട്ടപ്പെടുത്തിയതാണ് ഈ ഗാനം. ഇപ്പോഴിതാ ഈ ഗാനത്തിന് ഒരു പുതുജന്മം നൽകിയിരിക്കുകയാണ് നജീമും സഹോദരങ്ങളും ചേർന്ന്. നജീമിന്റ് സഹോദരൻ ഡോ. അജീം ഷാദാണ് ഈ ഈണത്തിന് മനോഹരമായ വരികൾ തയാറാക്കിയിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് പിറന്ന ഈ ഗാനത്തിന്റെ വരികൾ മാറ്റി പഴയ ഈണത്തിന് മനോഹരമായ പുതിയ വരികൾ ഒരുക്കുകയായിരുന്നു അജീം.

സഹോദരൻ സജീം നൗഷാദ് ആണ് പാട്ടിന്റെ മിക്സിങ് നിർവഹിച്ചത്. പഴയ പാട്ടിന്റെ മാധുരി ഒട്ടും ചോരാതെ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പാട്ടിനെ കൂടുതൽ സുന്ദരമാക്കി പിതാവിന് പിറന്നാൾ സമ്മാനമായി നൽകിയിരിക്കുകയാണ് ഈ സഹോദരന്മാർ. വർഷങ്ങൾക്ക് മുൻപ് നജീമിന്റെ പിതാവും മാതാവും ഒന്നിച്ച് പാടിയ ഗാനമാണ് ഇത്. അന്ന് ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ ഗാനം പുതിയ മാറ്റങ്ങളോടെ വീണ്ടുമെത്തുമ്പോൾ മികച്ച സ്വീകാര്യതയാണ് പാട്ടിന് ലഭിക്കുന്നത്.

ഗാനത്തിന് വേണ്ടി പുല്ലാങ്കുഴൽ സംഗീതം ഒരുക്കിയിരിക്കുന്നത് ജോസി ആലപ്പുഴയാണ്. ഗിറ്റാർ സുമേഷ് പരമേശ്വർ, ക്യാമറ ദാസ് കെ മോഹനനുമാണ്.

Story Highlights: Najim Arshad Himabindu Music Video