റിലീസിനൊരുങ്ങി പ്രിയദർശൻ ചിത്രം ഹംഗാമ-2; അടുത്തത് അക്ഷയ് കുമാറുമൊന്നിച്ചുള്ള കോമിക് ത്രില്ലർ

December 12, 2020

ഒരുപിടി മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. ഇപ്പോഴിതാ റിലീസിനൊരുങ്ങുകയാണ് പ്രിദർശൻ ഒരുക്കിയ ഹംഗാമ-2. പ്രിയദർശൻ സംവിധാനം ചെയ്ത് രതൻ ജെയിൻ, ഗണേഷ് ജെയിൻ, ചേതൻ ജെയിൻ, അർമാൻ വെൻ‌ചേഴ്‌സ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഹിന്ദി ഭാഷയിലുള്ള ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്.

2003 ൽ പുറത്തിറങ്ങിയ ഹംഗാമ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഹംഗാമ-2. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ രംഗ്രേസിന് ശേഷം 8 വര്‍ഷങ്ങൾ കഴിഞ്ഞ് പ്രിയദര്‍ശന്‍ ഹിന്ദിയിലൊരുക്കുന്ന ചിത്രമാണ് ഹംഗാമ-2. അതേസമയം അക്ഷയ് കുമാറുമൊത്തുള്ള കോമിക് ത്രില്ലറാണ് പ്രിയദർശന്റെ അടുത്ത ബോളിവുഡ് പ്രൊജക്ട്. ഡിസംബറിൽ തുടങ്ങാൻ ഇരുന്ന ചിത്രം കൊവിഡ് പ്രതിസന്ധിമൂലം തുടങ്ങാൻ കഴിഞ്ഞില്ല, ഇനി സെപ്റ്റംബറിൽ ആയിരിക്കും സിനിമയുടെ വർക്കുകൾ തുടങ്ങുക എന്നും പ്രിയദർശൻ വ്യക്തമാക്കി.

Read also:98 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 30,005 കേസുകൾ

അതേസമയം മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹ’മാണ് പ്രിയദർശന്റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ചരിത്ര പ്രധാന്യമുള്ള സംഭവങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്. മോഹൻലാലിനൊപ്പം വൻ താരനിരയാണ് എത്തുന്നത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

ആരാധകർ എന്നും ആവേശത്തോടെ നോക്കികാണുന്നതാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട്. മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളും മോഹൻലാൽ എന്ന അതുല്യ പ്രതിഭയും  ഒന്നിക്കുന്നതോടെ വെള്ളിത്തിരയിൽ വിരിയുന്ന വിസ്മയം കാണാൻ കാത്തിരിക്കുകയാണ് ആരാധകരും.

Story Highlights:Priyadarshan movie Hungama 2 Releasing soon