റോട്ടർഡാം ചലച്ചിത്രമേളയിൽ വേള്‍ഡ് പ്രീമിയറായി ‘തുറമുഖ’വും; അന്താരാഷ്ട്ര വേദികളിൽ തിളങ്ങാൻ മറ്റൊരു നിവിൻ പോളി ചിത്രം
ഫെബ്രുവരി 1 മുതൽ 7 വരെ നടക്കുന്ന 50-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് റോട്ടർഡാമിലേക്ക് പ്രദർശനത്തിന് തിരഞ്ഞെടുത്ത ചിത്രങ്ങളിൽ രാജീവ് രവിയുടെ ‘തുറമുഖ’വും. കേരള ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തെ അടിസ്ഥാനമാക്കിയുള്ള തുറമുഖത്തിൽ നിവിൻ പോളിയാണ് നായകൻ. തൊഴിലാളികളെയും യൂണിയനുകളെയും അഴിമതിക്കാരായ മേലധികാരികളെയും ചുറ്റിപ്പറ്റിയുള്ള ചിത്രത്തിൽ നിവിൻ പോളിക്ക് പുറമെ ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫെസ്റ്റിവലിലെ ബിഗ് സ്ക്രീൻ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിനായി തിരഞ്ഞെടുത്ത 15 ചിത്രങ്ങളുടെ പട്ടികയിൽ തുറമുഖവും തിരഞ്ഞെടുത്തതോടെ മലയാളികൾ ആവേശത്തിലാണ്. അതേസമയം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോനി’ലൂടെ വെള്ളിത്തിരയില്‍ വിസ്മയം സൃഷ്ടിച്ച നിവിന്‍ പോളി ‘തുറമുഖം’ എന്ന ചിത്രത്തിലൂടെയും അമ്പരപ്പിക്കുമെന്ന പ്രതീക്ഷയിലാണ്.
‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. 1950 കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ‘തുറമുഖം’ എന്ന ചിത്രത്തിന്റെ നിര്‍മാണം. ഗോപന് ചിതംബരത്തിന്റേതാണ് കഥ. കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ‘ചാപ്പ’ എന്ന സമ്പ്രദായത്തെക്കുറിച്ചാണ് ‘തുറമുഖം’ എന്ന സിനിമയൊരുങ്ങുന്നതെന്നും ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്.
രക്തചൊരിച്ചിലികള്‍ക്കു പോലും കാരണമായിട്ടുണ്ട് ഈ സമ്പ്രദായം. തൊഴിലിനായി കടപ്പുറത്തു കാത്തുനില്‍ക്കുന്നവര്‍ക്ക് കപ്പലിലെ മേല്നോട്ടക്കാരന് ചാപ്പ എന്നറിയപ്പെടുന്ന ലോഹ ടോക്കണ്‍ വലിച്ചെറിയാറുണ്ടായിരുന്നു. ഈ ടോക്കണ്‍ ലഭിക്കുന്നവര്‍ക്കാണ് തൊഴിലെടുക്കാന്‍ അവസരമുള്ളത്. അതിനാല്‍ ടോക്കണ്‍ ലഭിക്കുന്നതിനുവേണ്ടി ഓടിയും തമ്മിലടിച്ചും തൊഴിലാളികള്‍ പരക്കം പായുക പതിവായിരുന്നു. നിരവധി പ്രക്ഷോപങ്ങള്‍ക്കും ‘ചാപ്പ’ എന്നറിയപ്പെടുന്ന ഈ സമ്പ്രദായം വഴിതെളിച്ചിട്ടുണ്ട്.
Story highlights: Rajeev Ravi’s Thuramukham to compete at Rotterdam Film Festival