രജിഷ വിജയന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന സ്‌പോര്‍ട്‌സ് ചിത്രം: ‘ഖോ ഖോ’ ഒരുങ്ങുന്നു

December 22, 2020
Rajisha Vijayan New Movie Kho Kho

അഭിനയമികവില്‍ അതിശയിപ്പിക്കുന്ന ചലച്ചിത്രതാരം രജിഷ വിജയന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. ഖോ ഖോ എന്നാണ് ചിത്രത്തിന്റെ പേര്. സ്‌പോര്‍ട്‌സ് പശ്ചാത്താലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പ്രേക്ഷകരിലേക്കെത്തി.

ചിത്രത്തിനുവേണ്ടിയുള്ള രജിഷ വിജയന്റെ മേക്കോവറും ശ്രദ്ധ നേടുന്നുണ്ട്. മരിയ ഫ്രാന്‍സിസ് എന്നാണ് ചിത്രത്തില്‍ രജിഷ വിജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രാഹുല്‍ റിജി നായരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ടോബിന്‍ തോമസ് ചിത്രത്തിന്റെ ഛായഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ ചിത്രസംയോജനവും നിര്‍വഹിക്കുന്നു.

Read more: സഫലമാകാതെ പോയ കഥാപാത്രങ്ങളുടെ ഓര്‍മ്മകളില്‍ മാധവന്‍; ചിത്രങ്ങള്‍

ഖോ ഖോ എന്ന കായികയിനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രമൊരുങ്ങുന്നത്. ഇന്ത്യയിലെ പരമ്പരാഗതമായ ഒരു കായിക മത്സരയിനമാണ് ഖോ ഖോ. പന്ത്രണ്ട് പേരടങ്ങുന്ന ടീമായാണ് മത്സരം. ഒന്‍പത് പേര്‍മാത്രമാണ് കളിക്കളത്തിലുണ്ടാവുക. എതിര്‍ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിയോട് സാദൃശ്യമുണ്ട് ഖോ ഖോയ്ക്ക്.

അതേസമയം രജിഷ വിജയന്‍ കഥാപാത്രമായെത്തിയ ഫൈനല്‍സ് എന്ന സ്‌പോര്‍ട്‌സ് പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രവും മികച്ച സ്വീകാര്യത നേടിയിരുന്നു. സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയനെത്തിയത്. അരുണ്‍ പി ആര്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രമായെത്തി.

Story highlights: Rajisha Vijayan New Movie Kho Kho