ജല്ലിക്കെട്ടിനും സൂരരൈ പോട്രിനും അഭിനന്ദനവുമായി സംവിധായകൻ ശങ്കർ
കമൽ ഹാസനെ നായകനാക്കി ഇന്ത്യൻ 2 പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ ശങ്കർ. അതിനിടെ, അടുത്തിടെ കണ്ട ചിത്രങ്ങളിൽ തന്റെ പ്രിയപ്പെട്ടവ ഏതൊക്കെയെന്ന് പ്രേക്ഷകരോട് പങ്കുവയ്ക്കുകയാണ് അദ്ദേഹം. സുധ കൊങ്കര ചിത്രം സൂരരൈ പോട്രിനും, ലിജോ ജോസ് പെല്ലിശേരി ചിത്രം ജല്ലിക്കെട്ടിനും വി വിഘ്നരാജന്റെ അന്ധകാരം എന്ന ചിത്രത്തിനുമാണ് ശങ്കർ അഭിനന്ദനം അറിയിക്കുന്നത്. ഈ സിനിമകളിൽ പ്രവർത്തിച്ച ചില സാങ്കേതിക വിദഗ്ധരുടെ മികവും ശങ്കർ പ്രത്യേകം പരാമർശിച്ചു.
ചിത്രത്തിന് ‘ആത്മാവിന്റെ സംഗീതം’ നൽകിയതിന് സൂരരൈ പോട്രു സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറിനെ പ്രശംസിച്ച അദ്ദേഹം, അന്ധകാരത്തിൽ നവാഗതനായ എഡ്വിൻ സകെയുടെ ഛായാഗ്രഹണത്തെ അഭിനന്ദിക്കുകയും ചെയ്തു. ജല്ലിക്കെട്ടിനായി സംഗീത സംവിധായകൻ പ്രശാന്ത് പിള്ള ഒരുക്കിയ പശ്ചാത്തല സംഗീതത്തിനാണ് ശങ്കർ അഭിനന്ദനം അറിയിച്ചത്.
Read More: ഇനി പൃഥ്വിരാജിന്റെ കുരുതി; ചിത്രീകരണം ഇന്നുമുതല്‍
‘അടുത്തിടെ ആസ്വദിച്ചവ.. സൂരരൈ പോട്രു സിനിമയിൽ ജി വി പ്രകാശിന്റെ ആ ആത്മാവിന്റെ സംഗീതം. അന്ധകാരം എന്ന ചിത്രത്തിലെ എഡ്വിൻ സകെയുടെ മികച്ച ഛായാഗ്രഹണം. മലയാള ചലച്ചിത്രമായ ജല്ലിക്കെട്ട് എന്ന ചിത്രത്തിലെ പ്രശാന്ത് പിള്ളയുടെ ശ്രദ്ധേയവും വ്യത്യസ്തവുമായ പശ്ചാത്തല സംഗീതം’- ശങ്കർ ട്വീറ്റ് ചെയുന്നു.
Story highlights- Shankar appreciates Soorarai Pottru, Andhagaaram & Jallikattu