‘മണിച്ചിത്രത്താഴി’ലെ ഇഷ്ടരംഗം വെളിപ്പെടുത്തി ശോഭന; വീഡിയോ
മലയാളത്തിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് പുറത്തിറങ്ങി 27 വർഷങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് താരങ്ങളും സിനിമ പ്രേമികളും. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട രംഗം ആരാധകർക്കായി പങ്കുവയ്ക്കുകയാണ് മണിച്ചിത്രത്താഴിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ശോഭന. മോഹന്‍ലാലും കെ.പി.എ.സി ലളിതയും തമ്മിലുള്ള രംഗങ്ങളും, സാങ്കല്‍പ്പികമായ സ്‌കൂട്ടറിലുള്ള ഇന്‍ട്രോയുമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗങ്ങൾ എന്നാണ് ശോഭന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അതേസമയം നാഗവല്ലിയെ കുറിച്ചോർക്കാത്ത ഒരു നിമിഷം പോലും ഇല്ലെന്ന് നേരത്തെ ശോഭന കുറിച്ചിരുന്നു. അതിന് പിന്നാലെയാണ് ചിത്രത്തിലെ ഇഷ്ട രംഗങ്ങളെക്കുറിച്ച് ശോഭന കുറിച്ചത്.
ഫാസിലിന്‍റെ സംവിധാനത്തില്‍ 1993 ഡിസംബര്‍ 23-നാണ് മണിച്ചിത്രത്താഴ് പുറത്തിറങ്ങിയത്. മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, തിലകൻ, കുതിരവട്ടം പപ്പു, ഇന്നസെന്റ്, നെടുമുടി വേണു, കെ പി സി ലളിത തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ശോഭനയ്ക്ക് ലഭിച്ചിരുന്നു.
എത്രകണ്ടാലും മതിവരാത്ത, ഓരോ തവണയും പൊട്ടിച്ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, പേടിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ഒരു സൂപ്പർഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നാഗവല്ലിയെയും, നകുലനെയും, സണ്ണിയെയും മാത്രമല്ല… ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും മലയാളികളുടെ മനസ്സിൽ നിന്ന് മറക്കാനായിട്ടില്ല. ഇന്നലെ കണ്ട ചിത്രം പോലെ മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നില്കുന്നു മണിച്ചിത്രത്താഴും അതിലെ കഥാപാത്രങ്ങളും.
Story Highlights:shobana shares about her favorite seen in manichitathazhu