105 ആം വയസിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച പപ്പമ്മാൾ; അഭിമാനമാണ് ഈ മുത്തശ്ശിയമ്മ

January 27, 2021
105 year old woman awarded Padma Shri

പ്രായത്തിന്റെ പരിമിതികൾ ഇല്ലാതെ 105- ആം വയസിലും കൃഷിയിൽ സജീവമാണ് പപ്പമ്മാൾ. പ്രായം തളർത്താത്ത ഈ അമ്മയുടെ മനസിനെ അഭിനന്ദിച്ചുകൊണ്ടാണ് രാജ്യം പാപ്പമ്മാളിനെ പത്മശ്രീ നൽകി ആദരിച്ചത്. കോയമ്പത്തൂർ സ്വദേശിയായ പപ്പമ്മാളിന്റെ മാതാപിതാക്കൾ വളരെ ചെറുപ്പത്തിലേ നഷ്ടപ്പെട്ടതാണ്. മുത്തശ്ശിയുടെ കൂടെയാണ് പപ്പമ്മാൾ ജീവിച്ചിരുന്നത്. ചെറുപ്പം മുതലെ മുത്തശ്ശിക്കൊപ്പം കൃഷിയിടങ്ങളിൽ പോകുമായിരുന്ന പപ്പമ്മാൾ കൂടുതൽ സമയവും തന്റെ കൃഷിയിടത്തിലാണ് ചിലവിടുന്നത്. കച്ചവടം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ചാണ് പപ്പമ്മാൾ കൃഷി ചെയ്തിരുന്നത്.

105 year old woman awarded Padma Shri

ഒന്നും രണ്ടുമല്ല പത്ത് ഏക്കർ സ്ഥലത്താണ് പപ്പമ്മാൾ ആദ്യം കൃഷി ചെയ്തിരുന്നത്. എന്നാൽ പത്തേക്കറോളം സ്ഥലത്ത് തന്നെക്കൊണ്ട് കൃഷി നടത്താൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതോടെ കൃഷിയിടത്തിന്റെ കുറച്ച് ഭാഗങ്ങൾ ഇവർ വിറ്റു. ഇപ്പോൾ രണ്ടര ഏക്കർ സ്ഥലത്താണ് പപ്പമ്മാൾ കൃഷി ചെയ്യുന്നത്. അതും ജൈവവളം മാത്രം ഉപയോഗിച്ചാണ് പപ്പമ്മാൾ മണ്ണിൽ പൊന്ന് വിളയിക്കുന്നത്. വിവിധയിനത്തിൽപെട്ട ധാന്യങ്ങളും പയർ വർഗങ്ങളും മാത്രമല്ല പഴങ്ങളും പച്ചക്കറികളുമൊക്കെ പപ്പമ്മാളിന്റെ കൃഷിയിടത്തിൽ വളരുന്നുണ്ട്.

Read also:അറിയാം രാഷ്‌ട്രം പത്മശ്രീ നൽകി ആദരിച്ച അലി മണിക്ഫാൻ എന്ന സാധാരണക്കാരനായ ആ വലിയ മനുഷ്യനെ

തമിഴ്നാട് അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ ചേർന്ന് കൃഷിയുടെ പാഠങ്ങൾ പഠിച്ച പപ്പമ്മാൾ ഇപ്പോൾ നിരവധിപേർക്ക് തന്റെ കൃഷി രീതിയെക്കുറിച്ചും മറ്റുമൊക്കെ പറഞ്ഞ് കൊടുക്കാറുണ്ട്. ആ ഗ്രാമത്തിന്റെ മുഴുവൻ പ്രിയപെട്ടവളാണ് പപ്പമ്മാൾ. വിവാഹ ചടങ്ങുകൾ ഉൾപ്പെടെ ഗ്രാമത്തിലെ ഓരോ വിശേഷങ്ങൾക്കും പപ്പമ്മാൾ ക്ഷണിക്കപ്പെടാറുണ്ട്. ഇവരുടെ 100 ആം പിറന്നാളിന് ഗ്രാമത്തിലെ മുഴുവൻ ആളുകളും എത്തിയിരുന്നു. പ്രായത്തിന്റെ എല്ലാ അവശതകളെയും മറന്ന് കൃഷിയിൽ സജീവമാകുന്ന പപ്പമ്മാൾ പുതു തലമുറയിൽപ്പെട്ടവർക്കും വലിയ പ്രചോദനമാണ്.

ഇപ്പോഴിതാ രാജ്യം പത്മ പുരസ്‌കാരം നൽകി ആദരിച്ച ഈ മുത്തശ്ശിയെത്തേടി അഭിനന്ദനപ്രവാഹങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

Story Highlights:105 year old woman awarded Padma Shri