‘ഒടുവിൽ ആര്യൻ ജോൺ ജേക്കബും, റെബേക്കയും കണ്ടുമുട്ടിയപ്പോൾ’- ചിത്രം പങ്കുവെച്ച് ഹിമ

January 20, 2021

മലയാളികളുടെ ആസ്വാദനതലത്തിൽ വേറിട്ടൊരു അനുഭവം പകർന്ന ചിത്രമായിരുന്നു മുംബൈ പോലീസ്. ഇതുവരെ കാണാത്ത പ്രമേയം പങ്കുവെച്ച ചിത്രം തിയേറ്ററിൽ എത്തിയിട്ട് എട്ടുവർഷം പൂർത്തിയാക്കുകയാണ്. പൃഥ്വിരാജ്,ജയസൂര്യ, റഹ്മാൻ തുടങ്ങിയവരാണ് മുംബൈ പോലീസിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹിമ ഡേവിസ് പങ്കുവെച്ച ചിത്രം ശ്രദ്ധനേടുകയാണ്.

സിനിമയിൽ റെബേക്ക എന്ന കഥാപാത്രമായാണ് ഹിമ ഡേവിസ് എത്തിയത്. ജയസൂര്യ അവതരിപ്പിച്ച ആര്യൻ ജോൺ ജേക്കബിന്റെ നായികയായാണ് ഹിമ മുംബൈ പോലീസിൽ വേഷമിട്ടത്. എന്നാൽ, ജയസൂര്യക്കൊപ്പമുള്ള രംഗങ്ങൾ അധികമുണ്ടായിരുന്നില്ല. എട്ടു വർഷങ്ങൾക്ക് ശേഷം ഹിമ ഡേവിസ് നായകനായ ജയസൂര്യയെ കണ്ടുമുട്ടിയ വിശേഷമാണ് പങ്കുവയ്ക്കുന്നത്.

‘ഒടുവിൽ ആര്യൻ ജോൺ ജേക്കബും, റെബേക്കയും കണ്ടുമുട്ടിയപ്പോൾ..മുംബൈ പോലീസ് റിലീസ് ചെയ്തിട്ട് 8 വർഷമാകുന്നു’- ജയസൂര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഹിമ ഡേവിസ് കുറിക്കുന്നു. സിനിമയിൽ നിർണായകമായൊരു വേഷമാണ് അവതരിപ്പിച്ചതെങ്കിലും പിന്നീട് ഹിമ സിനിമയിൽ സജീവമായില്ല.

Read More: ‘നമ്മുടെ ടീമിന്റേത് എത്ര വിസ്മയകരമായ വിജയമാണ്’-ടീം ഇന്ത്യക്ക് അഭിനന്ദനവുമായി ഷാരൂഖ് ഖാൻ

ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസിന്റെ ബന്ധുവായ ഹിമ അഭിനയിക്കാനുള്ള ആഗ്രഹം പങ്കുവെച്ചതിനെ തുടർന്നാണ് ചിത്രത്തിലേക്ക് എത്തിയത്. വിവാഹ ശേഷം വിയന്നയിൽ സ്ഥിരതാമസമാക്കിയതോടെ അഭിനയത്തിനോട് വിട പറയുകയായിരുന്നു ഹിമ ഡേവിസ്. വിയന്നയിൽ നൃത്ത വിദ്യാലയം നടത്തുകയാണ് നടി.

Story highlights- actress hima davis shares photo with jayasurya