ദീപാവലി ‘അണ്ണാത്തെ’യ്ക്ക് ഒപ്പം- റിലീസ് തീയതി പ്രഖ്യാപിച്ചു
രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’ ദീപാവലിക്ക് പ്രദർശനത്തിന് എത്തും. നവംബർ നാലിന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നതായി നിർമാതാക്കളായ സൺ പിക്ചേഴ്സാണ് അറിയിച്ചത്. ചിത്രം പൊങ്കൽ റിലീസായി ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ചിത്രീകരണത്തിനിടെ അണിയറപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചത് വെല്ലുവിളിയായി.
ഇതിനു പിന്നാലെ നടൻ രജനീകാന്തിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദ്ദ നില നേരെയായി ആശുപത്രി വിട്ടെങ്കിലും ആരോഗ്യനിലയിൽ കാര്യമായ ശ്രദ്ധ ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ രജനീകാന്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന രാഷ്ട്രീയ പ്രവേശനം പോലും ഉപേക്ഷിച്ചിരിക്കുകയാണ്.
റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. രജനികാന്തിന് പുറമെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് അണ്ണാത്തെ. കീർത്തി സുരേഷ്, നയൻതാര, മീന, ഖുശ്ബു, പ്രകാശ് രാജ്, സതീഷ്, സൂരി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് നടൻ ജാക്കി ഷ്രോഫാണ്.
Read More: പത്മഭൂഷൺ നിറവിൽ മലയാളികളുടെ വാനമ്പാടി; കെ എസ് ചിത്രയ്ക്ക് ആശംസകളുമായി സംഗീതലോകം
ജാക്കി ഷ്രോഫിന്റെ ആദ്യ തമിഴ് ചിത്രമല്ല അണ്ണാത്തെ. ത്യാഗരാജൻ കുമാരരാജയുടെ ആരണ്യ കാണ്ഡം എന്ന ചിത്രത്തിൽ അവിസ്മരണീയമായ വേഷം ചെയ്തുകൊണ്ടാണ് ജാക്കി ഷ്രോഫ് തമിഴ് സിനിമാലോകത്തേക്ക് ചുവടുവച്ചത്. അതിനുശേഷം വിജയ് നായകനായ ബിഗിലിൽ വില്ലൻ വേഷത്തിലും എത്തിയിരുന്നു.
Story highlights- annathe movie release date