ഒറ്റക്കൊമ്പനില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം ബിജു മേനോനും

January 29, 2021
Biju Menon in Ottakkomban

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഒറ്റക്കൊമ്പന്‍. ചിത്രത്തില്‍ ബിജു മേനോനും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. കാരക്ടര്‍ ലുക്ക് പുറത്തുവിട്ടുകൊണ്ട് ബിജു മേനോന്‍ ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. മാത്യൂസ് തോമസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

സുരേഷ് ഗോപിയുടെ കരിയറിലെ 250-ാംമത്തെ ചിത്രം എന്ന പ്രത്യേകതയും ഒറ്റക്കൊമ്പന്‍ എന്ന സിനിമയ്ക്കുണ്ട്. ഷിബിന്‍ ഫ്രാന്‍സിസ് ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഷാജി കുമാര്‍ ആണ് ഛായാഗ്രാഹകന്‍. ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മാണം.

അതേസമയം ആര്‍ക്കറിയാം എന്ന ചിത്രത്തിലും ബിജു മേനോന്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ ലുക്കും കഴിഞ്ഞ ദിവസം സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ 72 വയസ്സുകാരനായാണ് ബിജു മേനോന്‍ എത്തുന്നത് എന്നതാണ് പ്രധാന ആകര്‍ഷണം.

പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവരാണ് ആര്‍ക്കറിയാം എന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാര്‍വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനാണ് ചിത്രത്തിലെ ബിജു മേനോന്‍ കഥാപാത്രം. പ്രശസ്ത ഛായാഗ്രാഹകരില്‍ ഒരാളായ സനു ജോണ്‍ വര്‍ഗ്ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകള്‍ക്കു വേണ്ടിയും ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള സനു ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ആര്‍ക്കറിയാം എന്ന സിനിമയ്ക്കുണ്ട്.

Story highlights: Biju Menon in Ottakkomban