‘മലയാള സിനിമയ്ക്ക് ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്’- തിയേറ്റർ തുറന്ന സന്തോഷം പങ്കുവെച്ച് താരങ്ങൾ
കാത്തിരിപ്പിനൊടുവിൽ തിയേറ്ററുകൾ തുറന്നതോടെ സിനിമ മേഖല സജീവമാകുകയാണ്. ഒരു വർഷമായി റിലീസ് കാത്തിരുന്ന 85 ചിത്രങ്ങൾ ഇനി തിയേറ്ററുകളിലേക്ക് മുൻഗണന അനുസരിച്ച് പ്രദർശനത്തിനെത്തും. തമിഴ് ചിത്രമെങ്കിലും മലയാള സിനിമയും പ്രേക്ഷകരും മാസ്റ്ററിനെ വരവേറ്റുകൊണ്ടാണ് തിയേറ്റർ റിലീസ് ആഘോഷമാക്കുന്നത്. കേരളത്തിലെ 670 സ്ക്രീനുകളിൽ 500 എണ്ണത്തിലും മാസ്റ്റർ പ്രദർശിപ്പിക്കുകയാണ്. അതേസമയം, പത്തുമാസങ്ങൾക്ക് ശേഷം തിയേറ്റർ സജീവമായ സന്തോഷം സിനിമാപ്രവർത്തകരും പങ്കുവയ്ക്കുന്നു.
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്ര മേനോനും ആവേശത്തിലാണ്. ‘ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിലെ തീയേറ്ററുകൾ ഇന്ന് മുതൽ സജീവമാവുകയാണ്.. ഏതു പ്രേക്ഷകനും കാത്തിരുന്ന സുദിനം!സന്തോഷദായകങ്ങളായ കൂടി ചേരലുകളുടെ മേളം…സിനിമയെ ജീവിതമാർഗ്ഗമായി സ്വീകരിച്ച ലക്ഷക്കണക്കിന് ആൾക്കാർ കൊതിച്ചിരുന്ന മുഹൂർത്തം! എനിക്കും ജീവിതം തന്നത് സിനിമയാണ് …പണവും പ്രശസ്തിയുമൊക്കെ… അതുകൊണ്ടു തന്നെ ഞാൻ ആദ്യമായി പണിയിച്ച വീടിന്റെ നെയിം പ്ലേറ്റ് ക്ലാപ് ബോർഡ് രൂപത്തിലായിരുന്നു.. ഈ തുടക്കം നമുക്ക് ആഘോഷമാക്കണം…ഗംഭീര വിജയമാക്കണം. നന്മകൾ നേർന്നുകൊണ്ട്, പ്രാർത്ഥിച്ചു കൊണ്ട്.’- ബാലചന്ദ്ര മേനോന്റെ വാക്കുകൾ.
കേരളത്തിൽ തിയേറ്റർ തുറക്കാൻ പ്രതിസന്ധി നിലനിന്നപ്പോൾ മാസ്റ്റർ അണിയറപ്രവർത്തകർ പ്രതീക്ഷയർപ്പിച്ചത് ദിലീപിലായിരുന്നു. ദിലീപ് ആദ്യ ദിനം തന്നെ ആരാധകർക്കൊപ്പം മാസ്റ്റർ കാണാനെത്തിയാണ് സന്തോഷം അറിയിച്ചത്. ‘മലയാള സിനിമയ്ക്ക് ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്,ജനുവരി 13. നിശ്ചലമായി കിടന്ന കേരളത്തിലെ തിയേറ്ററുകളിൽ സിനിമ വീണ്ടും ചലിച്ചു തുടങ്ങുന്ന ദിവസം. ഇനിയങ്ങോട്ട് ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. അതിനു തുടക്കം കുറിച്ച ദളപതി വിജയ് യുടെ ‘മാസ്റ്ററിന്’ എല്ലാവിധ ആശംസകളും. മലയാള സിനിമയിലെ താരങ്ങളും ടെക്നീഷ്യൻസും കുടുംബത്തോടൊപ്പം തീയ്യേറ്ററുകളിൽ വന്നു സിനിമ കാണുക. നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഒരാവേശമേകാൻ.’- ദിലീപിന്റെ വാക്കുകൾ.
Read More: തെക്കൻ കേരളത്തിൽ ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
മാസ്റ്ററിന് ശേഷം മലയാളത്തിൽ നിന്നും ഒട്ടനവധി ചിത്രങ്ങളാണ് എത്തുന്നത്. ആദ്യമെത്തുക, ജയസൂര്യ നായകനായ വെള്ളമാണ്. പിന്നാലെ മരക്കാർ; അറബിക്കടലിന്റെ സിംഹം, മാലിക്, തുറമുഖം, ചതുർമുഖം തുടങ്ങിയ ചിത്രങ്ങൾ എത്തും.
Story highlights- celebrities about master release