കൊവിഡ് സ്ഥിരീകരിച്ചെന്ന വാർത്തക്കെതിരെ പ്രതികരിച്ച് ചലച്ചിത്രതാരം ലെന

January 14, 2021

ചലച്ചിത്രതാരം ലെനയ്ക്ക് കൊവിഡ് ബാധിച്ചു എന്ന വാർത്തക്കെതിരെ പ്രതികരിച്ച് നടി ലെന. തനിക്ക് കൊവിഡ് നെഗറ്റീവാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്ന വാർത്ത വ്യാജമെന്നുമാണ് താരം പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെ വ്യാജവാർത്തക്കെതിരെ പ്രതികരണവുമായി താരം എത്തിയത്. ബ്രിട്ടനിൽ നടക്കുന്ന ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന സിനിമ പൂർത്തിയാക്കി ഇന്ത്യയിലെത്തിയ നടി ലെനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന തരത്തിലായിരുന്നു മാധ്യമങ്ങളിൽ വാർത്ത വന്നത്. അതേസമയം നിലവിലെ കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി യുകെയിൽ നിന്ന് എത്തിയ താരം ബാംഗ്ലൂരിൽ ഒരു ആശുപത്രിയിൽ ക്വാറന്റീനിൽ കഴിയുകയാണ്.

ലെനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞാൻ നടി ലെന: എനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്നും ബാംഗ്ലൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വാർത്ത പ്രചരിക്കുന്നു. ഇത് തീർത്തും വ്യാജമാണ്. ഞാൻ യുകെയിൽ നിന്ന് എത്തിയത് നെഗറ്റീവ് ആർടിപിസിആർ പരിശോധന ഫലവുമായിട്ടാണ്. എന്നാൽ നിലവിലെ കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി യുകെയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് നടത്തുന്ന genome sequencing ടെസ്റ്റ്, പരിശോധനാ ഫലത്തിനായി ഇപ്പോൾ കാത്തിരിക്കുകയാണ്. ഇപ്പോൾ ബാംഗ്ലൂരിൽ ആശുപത്രിയിൽ ക്വാറന്റീനിൽ കഴിയുകയാണ്.എനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുന്നു. ദയവായി ഈ വാർത്ത പങ്കിടരുത്. ഞാൻ ഇവിടെ സുരക്ഷിതയാണ്. നിങ്ങളുടെ ആശങ്കയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി. സ്‌നേഹപൂർവ്വം ലെന.

A fake news is spreading through online media and social media that I am (Actress Lena) tested covid positive and…

Posted by Lena on Thursday, January 14, 2021

അതേസമയം ബോളിവുഡ് താരം ആദിൽ ഹുസൈനും നിമിഷ സജയനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ചിത്രമായ ഫുട്പ്രിന്റ്സ് ഓൺ വാട്ടർ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ശേഷം ഇന്ത്യയിൽ എത്തിയതാണ് ലെന. നഥാലിയ ശ്യാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാകുന്നത് നീത ശ്യാം ആണ്. ബ്രിട്ടീഷ് താരം അന്റോണിയോ അകീലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മോഹൻ നാടാറാണ് ചിത്രം നിർമിക്കുന്നത്. മകളെ കാണാതാകുമ്പോൾ ഒരു കുടുംബം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൂടെയും അവരുടെ ജീവിതത്തിലൂടെയുമാണ് കഥ സഞ്ചരിക്കുന്നത്. ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന ചിത്രത്തിൽ അമ്മയും മകളുമായാണ് ലെനയും നിമിഷയും വേഷമിടുന്നത്. ലണ്ടനിൽ നിന്നും നിരവധി ചിത്രങ്ങളും വിശേഷങ്ങളും ലെനയും നിമിഷയും പങ്കുവെച്ചിരുന്നു.

Story Highlights; Covid negative lena