രാജ്യത്ത് കൊവിഡ് വാക്സിന് സൗജന്യം- പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
ഇന്ത്യയിൽ എല്ലായിടത്തും കൊവിഡ് വാക്സിൻ സൗജന്യമായിരിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ കൊവിഡ് വാക്സിന് ഡ്രൈ റണ്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി മടങ്ങുമ്പോഴാണ് മാധ്യമപ്രവർത്തകരോട് ആരോഗ്യമന്ത്രി പ്രതികരിച്ചത്.
രാജ്യവ്യാപകമായി കൊവിഡ് വാക്സിന് ഡ്രൈ റണ്‍ നടന്നിരുന്നു. ഇതിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ ഉണ്ടാകുമെന്നും വാക്സിന് വിതരണം കാര്യക്ഷമമാക്കുകയാണ് ഡ്രൈ റണ്ണിന്റെ ലക്ഷ്യമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് വാക്സിന് വിതരണത്തിനായി സജ്ജമാക്കുമെന്നും രണ്ടര കോടി പേര്‍ക്കുള്ള വാക്സിന് ആയിരിക്കും ആദ്യമൊരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നാല് ജില്ലകളിലായി ആറ് കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്.
തിരുവനന്തപുരത്ത് പേരൂര്‍ക്കട ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രിയായ കിംസ്, പൂഴനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് കൊവിഡ് വാക്സിന് ഡ്രൈ റണ്‍ നടന്നത്. ഇടുക്കി ജില്ലയിൽ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ഡ്രൈ റണ്‍ നടന്നു.
Story highlights- covid vaccine in india free of cost says union health minister