കൊവിഡ് വാക്സിൻ പരീക്ഷണവും കുട്ടികളിലെ അംഗവൈകല്യവും; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്ത

July 23, 2020

‘കൊവിഡ് വാക്സിൻ പരീക്ഷണം നടത്തിയ കുട്ടികളിൽ അംഗവൈകല്യം സംഭവിക്കുന്നു’: ഇങ്ങനെയൊരു വാർത്ത കേട്ടാൽ ആരും ഞെട്ടരുത് കാരണം ഇത് തികച്ചും വ്യാജവാർത്ത മാത്രമാണ്.

പകർച്ചവ്യാധികളെക്കാൾ അപകടകാരികളാണ് വ്യാജ വാർത്തകളും അത് സൃഷ്ടിക്കുന്ന വ്യാജന്മാരും. കാരണം വ്യാജവാർത്തകൾ പലപ്പോഴും മരണത്തിന് വരെ കാരണമായ സംഭവങ്ങളുണ്ട്.

ലോകം മുഴുവൻ കൊറോണ വൈറസ് എന്ന മഹാവിപത്തിനെ തുരത്തിയോടിക്കാൻ അഹോരാത്രം കഷ്ടപ്പെടുന്ന ഇക്കാലത്തും വ്യാജവാർത്തകൾ സൃഷ്ടിക്കുന്നവരെ നോക്കി ‘അയ്യോ കഷ്‌ടം’ എന്നല്ലാതെ ഏത് പറയാനാണ്…

വ്യാജവാർത്തകൾ പങ്കുവയ്ക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ എടുക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാലും വ്യാജന്മാർ ദിവസവും കൂൺ പോലെ പൊട്ടി കിളുത്തുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാജന്മാരുടെ പ്രധാന ആയുധം കൊറോണ വാക്സിനാണ്. വാക്സിൻ കണ്ടെത്തിയെന്നും, കൊറോണയെ പ്രതിരോധിക്കാൻ ആയുർവേദത്തിൽ മരുന്നുണ്ടെന്നും ഒക്കെ പറഞ്ഞ വ്യാജന്മാർ ഇപ്പോൾ കൊവിഡ് വാക്സിൻ പരീക്ഷണം നടത്തിയ കുട്ടികളിൽ അംഗവൈകല്യം സംഭവിക്കുന്നുവെന്ന പുതിയ വർത്തയുമായാണ് എത്തിയിരിക്കുന്നത്. ഈ വാർത്ത കേട്ട് സത്യമാണെന്ന് കരുതി ഫോർവേഡ് ചെയ്തവരുടെ എണ്ണവും കുറവല്ല.

ആഫ്രിക്കയിലാണ് ഈ സംഭവമെന്നാണ് വ്യാജന്മാർ പറയുന്നത്. വാർത്ത വിശ്വസിക്കാൻ നല്ലൊരു തലക്കെട്ടും ഇവർ നൽകിയിട്ടുണ്ട്, ‘ ആഫ്രിക്കയിലെ വാക്സിൻ പരീക്ഷണത്തിന്റെ അന്തരഫലങ്ങൾ, ഇതിന് ആരും ഇതുവരെ ഉത്തരം നൽകിയിട്ടില്ല’… എന്നാണ് ഈ വർത്തയോടൊപ്പം പ്രചരിക്കുന്ന തലവാചകം. പോളിയോ ബാധിച്ച കുട്ടികളുടെ ചിത്രത്തിനൊപ്പമാണ് ഈ വാർത്ത സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.

എന്നാൽ ഈ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ ജീന്‍ മാര്‍ക് ജിബോക്‌സ്. ജിബോക്‌സ് 1998 ല്‍ ആഫ്രിക്കന്‍ തലസ്ഥാനമായ സിയെറ ലിയോണില്‍ നിന്ന്, പോളിയോ ബോധവത്കരണത്തിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയ്ക്കായി എടുത്ത് നല്‍കിയ ചിത്രങ്ങളാണിത്. ഇതാണ് കൊറോണ വാക്സിൻ പരീക്ഷണത്തിന്റെ അന്തരഫലമെന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നത്.

വ്യാജവാർത്തകളെ തിരിച്ചറിയാൻ ചില മാർഗങ്ങൾ:

ചില വ്യാജ വാര്‍ത്തകളെ അത്ര എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കില്ല. എന്നാൽ ഇവയെ തിരിച്ചറിയാനുള്ള ചില മാർഗങ്ങൾ നോക്കാം… ഒരു വാർത്ത ലഭിച്ചാൽ അതേ വാർത്ത നല്ല രീതിയില്‍ പ്രചാരത്തിലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.

Read also: കൊവിഡ് കാലം; ലോക്ക് ഡൗണിന് ശേഷം ട്രെയിനുകളിൽ വരുന്ന മാറ്റങ്ങൾ അറിയാം- വീഡിയോ

വാര്‍ത്തയുടെ തലക്കെട്ടിനൊപ്പം പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വ്യാജവാര്‍ത്തകള്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളില്‍ പലതും യഥാര്‍ത്ഥമായിരിക്കണമെന്നില്ല. അവ മിക്കതും ഫോട്ടോഷോപ്പോ, അല്ലെങ്കിൽ വർഷങ്ങൾക്ക് മുൻപ് മറ്റേതെങ്കിലും സ്ഥലത്ത് സംഭവിച്ച കാര്യങ്ങളുടെയോ ചിത്രങ്ങൾ ആകാം. അതിന് പുറമെ വ്യാജവാർത്തകളിൽ കൂടുതൽ അക്ഷരത്തെറ്റുകൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.

വാർത്തകൾ ഷെയർ ചെയ്യുന്നതിന് മുൻപ് ഒരു നിമിഷം ആലോചിക്കൂ, “വ്യാജവാർത്തകൾ സൃഷ്ടിക്കുന്ന ആഘാതം ഒരു ക്ഷമാപണത്തിലൂടെ തിരുത്താനായെന്ന് വരില്ല..”

Story Highlights: Fake news on covid vaccine