‘ഐഎഫ്എഫ്കെ’ നാലു നഗരങ്ങളിലായി ഫെബ്രുവരിയിൽ- റെജിസ്ട്രേഷന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
കൊവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ കേരള രാജ്യാന്തര ചലച്ചിത്ര മേള ഏറെ മാറ്റങ്ങളുമായി സിനിമാ പ്രേമികളിലേക്ക് എത്തുന്നു. ഫെബ്രുവരി പത്തിനാണ് ഇരുപത്തിയഞ്ചാമത് ഐ എഫ് എഫ് കെ ഉദ്ഘാടനം. ആളുകൾ അമിതമായി കൂടുന്നത് തടയുന്നതിനായി നാല് പ്രധാന നഗരങ്ങളിലായാണ് ചലച്ചിത്രമേള നടക്കുന്നത്. തിരുവനന്തപുരം, എറണാകുള, പാലക്കാട്, താമരശ്ശേരി എന്നിവടങ്ങളിലായാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത്. ഓരോ നഗരങ്ങളിലും അഞ്ചു ദിവസങ്ങളിലായി അഞ്ചു തിയേറ്ററുകളിലൂടെ പ്രദർശനം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.
തിരുവനന്തപുരത്ത് ഫെബ്രുവരി പത്തുമുതൽ പതിനാലുവരെയും, എറണാകുളത്ത് 17 മുതൽ 21 വരെയും, പാലക്കാട് 23 മുതൽ 27 വരെയും, തലശ്ശേരിയിൽ മാർച്ച് ഒന്നുമുതൽ അഞ്ചു വരെയുമാണ് പ്രദർശനം നടക്കുനാന്ത്. ഇരുനൂറു പേർക്ക് മാത്രമാണ് പ്രവേശനമുണ്ടാകുക. മാത്രമല്ല, രജിസ്റ്റർ ചെയ്യേണ്ടത് അതാത് മേഖല അനുസരിച്ചാണ്. അതോടൊപ്പം തന്നെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമായി അപേക്ഷയ്ക്കൊപ്പം നൽകണം.
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്നും ഇത്തവണ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ , ജയരാജ് സംവിധാനം ചെയ്ത ‘ഹാസ്യം’ എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. മത്സര വിഭാഗത്തിലേക്ക് ഇന്ത്യൻ സിനിമയിലെ മറ്റ് ഭാഷകളിൽ നിന്നുള്ള രണ്ട് ചിത്രങ്ങളും തിരഞ്ഞെടുത്തു. മോഹിത് പ്രിയദർശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ‘കോസ’, അക്ഷയ് ഇന്ദിക്കർ സംവിധാനം ചെയ്ത മറാത്തി ചിത്രമായ ‘സ്ഥൽ പുരാൺ’ എന്നിവയാണ് തിരഞ്ഞെടുത്തത്.
Story highlights- IFFK PROTOCOL