പ്രണയപൂർവ്വം ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും- ശ്രദ്ധനേടി ‘കാണെക്കാണെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

January 24, 2021

മായാനദിക്ക് ശേഷം ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് കാണെക്കാണെ. ഷൂട്ടിംഗ് പൂർത്തിയായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധനേടുന്നു. ഉയരെ എന്ന ചിത്രത്തിന് ശേഷം ബോബി- സഞ്ജയുടെ തിരക്കഥയിൽ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാണെക്കാണെ.

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്. പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എറണാകുളത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്.

1983, ക്വീൻ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച ടി ആർ ഷംസുദ്ധീൻ ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന പുതിയ ചിത്രം കൂടിയാണിത്. ട്രാഫിക്, അയാളും ഞാനും തമ്മിൽ, ഹൗ ഓൾഡ് ആർ യു, കായംകുളം കൊച്ചുണ്ണി എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ബോബി സഞ്ജയ് കൂട്ടുകെട്ട് ഉയരെക്ക് ശേഷം മനു അശോകനൊപ്പം ഒന്നിക്കുകയാണ് കാണെക്കാണെയിലൂടെ.

Read More: സെറീന വില്യംസിന്റെ കുഞ്ഞ് ട്രെയിനിംഗ് പാർട്ണർ- ക്യൂട്ട് വീഡിയോ

ആൽബി ആന്റണിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അഭിലാഷ് ബാലചന്ദ്രനാണ് കാണെക്കാണെയുടെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. ഗാനരചയിതാവ് വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീത സംവിധായകൻ രഞ്ജിൻ രാജ് ആണ് സംഗീതം പകരുന്നത്.

Story highlights- kanekkane movie first look poster