മുടിയും താടിയും നീട്ടി വളര്‍ത്തിയ മമ്മൂട്ടി; ഈ ലുക്ക് അമല്‍ നീരദിന്റെ ചിത്രത്തിനു വേണ്ടി

January 8, 2021

സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിറഞ്ഞു നില്‍ക്കുകയായിരുന്നു മമ്മൂട്ടിയുടെ പുതിയ ലുക്ക്. നീട്ടി വളര്‍ത്തിയ താടിയും മുടിയുമായുള്ള താരത്തിന്റെ ലുക്ക് അമല്‍ നീരദിന്റെ പുതിയ ചിത്രത്തിനു വേണ്ടിയുള്ളതാണ്. ഈ വര്‍ഷം ആദ്യം മമ്മൂട്ടി അഭിനയിക്കുന്നതും ഈ ചിത്രത്തിനു വേണ്ടിയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം നിരവധിയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. റിലീസിന് തയാറെടുക്കുകയാണ് ജോഫിന്‍ ടി ചാക്കോ സംവിധാനം നിര്‍വഹിക്കുന്ന ദ് പ്രീസ്റ്റ് എന്ന ചിത്രവും സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന വണ്‍ എന്ന ചിത്രവും.

ഒരു ക്രൈം ത്രില്ലറാണ് ദ് പ്രീസ്റ്റ്. മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ദ് പ്രീസ്റ്റ് എന്ന സിനിമയ്ക്കുണ്ട്. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍, വി എന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

വണ്‍ എന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയായാണ് മമ്മൂട്ടിയെത്തുന്നത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ഈ സിനിമയ്ക്ക് വേണ്ടിയുള്ള മമ്മൂട്ടിയുടെ ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോബി- സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Story highlights: Mammootty with Amal Neerad in new project