സെക്കന്റ് ഷോ തുടങ്ങാതെ റിലീസ് ഇല്ലെന്ന് നിർമാതാക്കൾ- ‘ദി പ്രീസ്റ്റി’ന് പിന്നാലെ ‘മരട് 357’ റീലീസ് പിൻവലിച്ചു

January 31, 2021

കേരളത്തിൽ തിയേറ്റർ തുറന്നതോടെ നിരവധി ചിത്രങ്ങളാണ് റിലീസ് പ്രഖ്യാപിച്ചത്. നിലവിൽ മലയാളത്തിൽ നിന്നും രണ്ടു ചിത്രങ്ങളാണ് തിയേറ്ററിൽ എത്തിയത്. ജയസൂര്യ നായകനായ വെള്ളവും, അനശ്വര രാജൻ നായികയായ വാങ്കും. രണ്ടു ചിത്രങ്ങളും പ്രദർശനം തുടരുമ്പോൾ റിലീസ് പ്രഖ്യാപിച്ച മറ്റു ചിത്രങ്ങൾ റിലീസ് തീയതി മാറ്റുകയാണ്.

സെക്കന്റ് ഷോ തുടങ്ങാതെ റിലീസ് ഇല്ലെന്ന് ‘മരട് 357’ സിനിമയുടെ നിർമാതാവ് അബാം മാത്യു വ്യക്തമാക്കി. മമ്മൂട്ടി നായകനായ ദി പ്രീസ്റ്റിന് പിന്നാലെയാണ് ചിത്രങ്ങൾ റീലീസ് മാറ്റിയത്. മരക്കാർ; അറബിക്കടലിന്റെ സിംഹവും റിലീസ് തീയതി വീണ്ടും മാറ്റിയിരുന്നു.

അതേസമയം, ഫെബ്രുവരി 19നായിരുന്നു ‘മരട് 357’ റിലീസ് നിശ്ചയിച്ചിരുന്നത്. പാർവതി തിരുവോത്ത് പ്രധാന വേഷത്തിൽ എത്തുന്ന വർത്തമാനം ഫെബ്രുവരി 19 ന് തിയേറ്ററുകളിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ്. എന്നാൽ, ചിത്രവും സെക്കൻഡ് ഷോ പ്രതിസന്ധി കാരണം റിലീസ് ചെയ്യുന്നതിൽ ആശങ്ക തുടരുകയാണ്.

Read More: പാട്ടുവേദിയെ രാഗസാന്ദ്രമാക്കാൻ ‘പ്രമദവനം’ ആലപിച്ച് വിജയ് യേശുദാസ്; വീഡിയോ

അതേസമയം, ഓപ്പറേഷൻ ജാവ, യുവം എന്നീ ചിത്രങ്ങൾ ഫെബ്രുവരി പന്ത്രണ്ടിന് റിലീസ് ചെയ്യും. 50 ശതമാനം ആളുകളുമായി രാവിലെ 9 മുതൽ രാത്രി 9 വരെയാണ് തീയേറ്ററുകളിൽ പ്രദർശനം. നിലവിൽ 3 ഷോകൾ മാത്രമാണ് ഉള്ളത്. അതേസമയം, തിയേറ്ററുകളിൽ മുഴുവൻ ആളുകളെയും പ്രവേശിപ്പിക്കാൻ കേന്ദ്രം അനുമതി നൽകിയിരിക്കുകയാണ്.

Story highlights- maradu 357 release postponed