ജാവേദ് അലിയുടെ ശബ്ദത്തിൽ ഒരു മനോഹരഗാനം; ശ്രദ്ധനേടി ‘ഇന്നു മുതൽ’ ആദ്യഗാനം

January 29, 2021
Innu Muthal

സിജു വിൽ‌സൺ‌ നായകനാകുന്ന ചിത്രമാണ് ഇന്നു മുതൽ. രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമാകുന്നത്. ‘മോസം ജേസീ ബാതേ…’എന്ന് തുടങ്ങുന്ന ഗാനം ജാവേദ് അലിയാണ് ആലപിച്ചിരിക്കുന്നത്. ഷാരോൺ ജോസഫിന്‍റെ വരികൾക്ക് മെജോ ജോസഫാണ് സംഗീതം പകർന്നിരിക്കുന്നത്. സിജുവിനൊപ്പം സൂരജ് പോപ്സ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, ഗോകുലന്‍, സ്മൃതി, അനിലമ്മ എറണാകുളം എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്‍റെ ബാനറില്‍ രജീഷ് മിഥില, മെജോ ജോസഫ്, ലിജോ ജെയിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം എല്‍ദോ ഐസക്ക് നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനില്‍ ജോസ്.

Read also:പോരാട്ടവീര്യം ചോരാത്ത 97 കാരി: അന്ന് ഹോളോകോസ്റ്റിൽ നിന്നും രക്ഷപ്പെട്ടു, ഇന്ന് കൊവിഡിനെയും അതിജീവിച്ചു

മലർവാടി ആർട്സ് ക്ലബിലൂടെ സിനിമാ മേഖലയിലെത്തിയ താരമാണ് സിജു വിൽസൺ. ഇപ്പോഴിതാ സിജു നായകനാകുന്ന ഒട്ടേറെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മാരീചൻ, വരയൻ, പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങളിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിജു വിൽസനാണ്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നിഖിൽ ഉണ്ണിയാണ് ‘മാരീചൻ’ സംവിധാനം ചെയ്യുന്നത്. ‘വരയന്‍’ എന്ന ചിത്രത്തില്‍ ഒരു വൈദികനായാണ് സിജു വില്‍സണ്‍ എത്തുന്നത്. നവാഗതനായ ജിജോ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. ‘മാര്‍ക്കോണി മത്തായി’ എന്ന സിനിമയ്ക്ക് ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘വരയന്‍’. വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്.

Story Highlights:Mausam Javed Ali Innu Muthal song