ബഷീറിന്റെ നീലവെളിച്ചം വീണ്ടും സിനിമയാകുന്നു- ആഷിഖ് അബു ചിത്രത്തിൽ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും റിമയും
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധ നോവലാണ് നീലവെളിച്ചം. ജീവിതത്തിലെ അത്ഭുതസംഭവങ്ങളിൽ ഒന്ന് എന്ന ആമുഖത്തോടെ തുടങ്ങിയ നോവൽ വികസിപ്പിച്ച് ഭാർഗ്ഗവീനിലയം എന്ന പേരിൽ ബഷീർ തന്നെ തിരക്കഥ എഴുതി ചലച്ചിത്രമാക്കിയിരുന്നു. ഭാർഗ്ഗവീനിലയം എന്ന ചലച്ചിത്രം ഇറങ്ങിയത് 1964-ലാണ്. സംവിധായകൻ ഏ.വിൻസെന്റിന്റെ ആദ്യചിത്രമായിരുന്നു അത്. ചിത്രത്തിൽ മുഖ്യ റോളുകൾ അഭിനയിച്ചത് പ്രേംനസീർ, മധു, വിജയനിർമ്മല എന്നിവരായിരുന്നു. ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം നീലവെളിച്ചം വീണ്ടും സിനിമയാകുന്നു.
സംവിധായകൻ ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേതബാധക്ക് പേരുകേട്ട ഒരു വീട്ടിൽ താമസിക്കേണ്ടിവന്ന ചെറുപ്പക്കാരനായ ഒരെഴുത്തുകാരനും ആ വീടിനെ ആവേശിച്ചിരുന്നതായി വിശ്വസിക്കപ്പെട്ടിരുന്ന പെൺകുട്ടിയുടെ പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആത്മബന്ധത്തിന്റെ കഥയാണ് നീലവെളിച്ചം പങ്കുവയ്ക്കുന്നത്.
ആഷിഖ് അബുവിന്റെ വാക്കുകൾ;
സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുൽത്താന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തിൽ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങൾക്കും ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തിൽ നിന്നും നന്ദി. നീലവെളിച്ചം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും.
Story Highlights- neelavelicham movie cast