അന്ധത മറന്ന് അകക്കണ്ണിന്റെ വെളിച്ചത്തില്‍ അനന്യ പാടി; ആസ്വാകര്‍ ഹൃദയം കൊണ്ട് ഏറ്റെടുത്ത് ‘വെള്ളം’ സിനിമയിലെ ഗാനം- വീഡിയോ

January 29, 2021
Pulariyi Achante Song from Vellam

ചലച്ചിത്ര ആസ്വകരുടെ ഹൃദയങ്ങളിലേയ്ക്ക് മനോഹരമായ ഒരു മഴ പോലെ പെയ്തിറങ്ങുകയാണ് വെള്ളം എന്ന ചിത്രത്തിലെ പുതിയ ഗാനം. അന്ധത മറന്ന് അകക്കണ്ണിന്റെ വെളിച്ചത്തില്‍ അനന്യ എന്ന കൊച്ചുമിടുക്കി ആലപിച്ചതാണ് ഈ പാട്ട്. നാളുകള്‍ക്ക് മുമ്പ് സമൂഹമാധ്യമങ്ങളില്‍ പാട്ടുപാടി വൈറലായതാണ് അനന്യ എന്ന കൊച്ചുമിടുക്കി. ക്ലാസ്സ് മുറിയിലെ ബെഞ്ചിലിരുന്ന് പാടുന്ന അനന്യയുടെ വീഡിയോ വൈറലായതിന് പിന്നാലെ മിടുക്കിക്ക് സിനിമയില്‍ അവസരം ലഭിയ്ക്കുകയും ചെയ്തു.

കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മശാല അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ഥിനിയാണ് അനന്യ. അനന്യയുടെ ആലാപനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നവരും നിരവധിയാണ്. നിധിഷ് നടേരിയുടേതാണ് ഗാനത്തിലെ വരികള്‍. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

അതേസമയം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് വെള്ളം. തിയേറ്റുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും. മുരളി നമ്പ്യാര്‍ എന്നാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമിത മദ്യപാനിയായ ഒരു കഥാപാത്രമാണ് മുരളി നമ്പ്യാര്‍.

‘കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമ’ എന്നാണ് വെള്ളത്തെ ജയസൂര്യ വിശേഷിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വെള്ളത്തിനുണ്ട്. പൂര്‍ണമായും ലൈവ് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയാണ് വെള്ളം. ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Pulariyi Achante Song from Vellam