‘ആദ്യ ഷോട്ട് തന്നെ ഐശ്വര്യ റായിക്കൊപ്പം’- സന്തോഷം പങ്കുവെച്ച് റഹ്മാൻ
മണിരത്നം ഒരുക്കുന്ന ‘പൊന്നിയൻ സെൽവൻ’ പ്രമേയം കൊണ്ടും താര നിർണയം കൊണ്ടും ശ്രദ്ധേയമാകുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിആറിനാണ് ഹൈദരാബാദിൽ ആരംഭിച്ചത്. ചോള സാമ്രാജ്യത്തിന്റെ കഥപറയുന്ന ചിത്രത്തിനായി കൂറ്റൻ സെറ്റാണ് ഹൈദരാബാദിൽ ഒരുങ്ങിയിരിക്കുന്നത്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
അതേസമയം, ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച വിശേഷം പങ്കുവയ്ക്കുകയാണ് നടൻ റഹ്മാൻ. റാമോജി ഫിലിം സിറ്റിയിലെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് റഹ്മാൻ ഷൂട്ടിംഗ് ആരംഭിച്ചതായി അറിയിക്കുന്നത്. ‘ഹായ് സുഹൃത്തുക്കളെ. നിങ്ങളുടെ ആശംസകളും പ്രാർത്ഥനകളും എനിക്ക് ആവശ്യമാണ്. മണിരത്നം സംവിധാനം ചെയ്യുന്ന “പൊന്നിയിൻ സെൽവൻ” എന്ന സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിംഗ് ഞാൻ ആരംഭിച്ചു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരണം. ആദ്യ ഷോട്ട് തന്നെ ഐശ്വര്യ റായ് ബച്ചനൊപ്പമായിരുന്നു. ഐശ്വര്യക്കൊപ്പം സ്ക്രീൻ പങ്കിടേണ്ടിവന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ക്ഷമിക്കണം, സ്വകാര്യത നിയമപ്രകാരം ഷൂട്ടിന്റെ ചിത്രങ്ങൾ പോസ്റ്റുചെയ്യാൻ കഴിയില്ല.’- റഹ്മാൻ കുറിക്കുന്നു.
നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ഐശ്വര്യ റായ് ബച്ചൻ ഇരട്ട വേഷത്തിലാണ് എത്തുന്നത്. ജകുമാരി നന്ദിനി ദേവിയായും, മന്ദാകിനി ദേവിയായും ഐശ്വര്യ റായിയാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നന്ദിനി ദേവിയാണ് ചിത്രത്തിൽ വളരെ പ്രധാന കഥാപാത്രം. തൃഷകൃഷ്ണൻ, ചിയാൻ വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി, അശ്വിൻ തുടങ്ങി മറ്റ് യുവതാരങ്ങളും നിർണായക വേഷങ്ങളിൽ എത്തുന്നു. ജയറാം, ലാൽ, മോഹൻ രാമൻ, റിയാസ് ഖാൻ, വിജയകുമാർ തുടങ്ങിയ മുതിർന്ന അഭിനേതാക്കൾ ചില പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read More: ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘ഗോഡ്സെ’- തെലുങ്കിലേക്കും ചുവടുവെച്ച് പ്രിയതാരം
ഹൈദരാബാദിലെ ഷൂട്ടിംഗ് പൂർത്തിയായാൽ അടുത്ത ലൊക്കേഷനായ മധ്യപ്രദേശിലേക്ക് സംഘം യാത്ര തിരിക്കും. ഗവൺമെന്റിന്റെ നിയന്ത്രണങ്ങൾ പാലിച്ച് ഇത്രയധികം താരങ്ങളെ അണിനിരത്തി ഒരുക്കുന്ന സിനിമ ചിത്രീകരിക്കുന്നത് മണിരത്നത്തിന് മുന്നിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അതുകൊണ്ടുതന്നെ പൊന്നിയിൻ സെൽവൻ രണ്ട് ഭാഗങ്ങളായി ഒരുക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ആദ്യ ഭാഗം ലൈക്ക പ്രൊഡക്ഷനുമായിചേർന്ന് മദ്രാസ് ടോക്കീസ് നിർമ്മിക്കുന്നു. എ ആർ റഹ്മാനാണ് സംഗീതം. ഛായാഗ്രഹണം രവിവർമാനാണ്.
Story highlights- Rahman About ponniyin selvan