സഞ്ജു വി സാംസണ് ഇനി രാജസ്ഥാന് റോയല്‍സിന്റെ നായകന്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇനി രാജസ്ഥാന് റോയല്‍സിനെ നയിക്കുന്നത് മലയാളിയായ സഞ്ജു വി സാംസണ്. പുതിയ അധ്യായം ആരംഭിയ്ക്കുന്നു എന്ന അടിക്കുറിപ്പോടെ രാജസ്ഥാന് റോയല്‍സ് സഞ്ജുവിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്ത കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ സീസണില്‍ രാജസ്ഥാന് റോയല്‍സിനെ നയിച്ച സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജു നായക സ്ഥാനത്തെത്തിയിരിയ്ക്കുന്നത്. ടീമിനെ ഇതുവരെ നയിച്ച സ്റ്റീവ് സ്മിത്തിന് രാജസ്ഥാന് റോയല്‍സ് നന്ദിയറിയിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ നിലവിലുള്ള ടീമംഗങ്ങളില്‍ 17 പേരെ പുതിയ സീസണില്‍ നിലനിര്‍ത്തുമെന്നും രാജസ്ഥാന് റോയല്‍സ് വ്യക്തമാക്കിയിട്ടുണ്ട്.
Read more: കൈയടിക്കാതിരിക്കാന്‍ ആവില്ല ഈ ഫ്യൂഷന്‍ വിസ്മയത്തിന്; അതിഗംഭീരമായൊരു ‘മുക്കാല മുക്കാബല….’
ഐപിഎല്‍-ല്‍ ദീര്‍ഘകാലമായി സഞ്ജു രാജസ്ഥാന് റോയല്‍സിനൊപ്പമാണ്. ടീമിനെ സംബന്ധിച്ച് അനുഭവസമ്പത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് സഞ്ജു സാംസണ്. ഇതുവരെ എട്ട് ഐപിഎല്‍ സീസണുകളില്‍ സഞ്ജു കളിച്ചിട്ടുണ്ട്. 107 മത്സരങ്ങളില്‍ നിന്നുമായി 2584 റണ്‍സും താരം അടിച്ചെടുത്തു. ഐപിഎല്‍-ല്‍ രണ്ട് സെഞ്ചുറികളും പതിമൂന്ന് അര്‍ധ സെഞ്ചുറികളും സഞ്ജുവിന്റെ മുതല്‍ക്കൂട്ടാണ്.
ഐപിഎല്‍ കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ സഞ്ജു സാംസണിന്റെ ബാറ്റിങ്ങിലെ മികവ് കായികലോകത്ത് ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല പുരോഗമിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് മുസ്താഖ് അലി ട്വന്റി20യില്‍ കേരളത്തെ നയിക്കുന്നതും സഞ്ജു സാസംസണ്‍ ആണ്.
Story highlights: Sanju Samson replaces Steve Smith as Rajasthan Royals captain