‘പക്ഷെ നിങ്ങളുടെ ഒരൊറ്റ യെസ് ചിലപ്പോൾ ചരിത്രമാകും’- ‘ട്രാഫിക്കി’ന്റെ പത്തുവർഷങ്ങൾ പങ്കുവെച്ച് ആസിഫ് അലി

January 7, 2021

മലയാള സിനിമയിലെ ഹിറ്റ് ത്രില്ലർ ചിത്രമായിരുന്നു ട്രാഫിക്. രാജേഷ് പിള്ളയുടെ സംവിധാനത്തിൽ 2011 ജനുവരി 7ന് റിലീസ് ചെയ്ത ചിത്രത്തിന്റെ പത്താം വാർഷിക ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടൻ ആസിഫ് അലി. പത്തുവർഷം മുൻപ് ചിത്രം മലയാള സിനിമയിൽ സൃഷ്ടിച്ചത് വലിയൊരു തരംഗമായിരുന്നു. വർഷങ്ങൾക്ക് ശേഷവും മലയാളികൾ ചിത്രം ഹൃദയത്തോട് ചേർക്കുന്നത് അവയവമാറ്റത്തിന്റെ പ്രാധാന്യം പങ്കുവെച്ച ആദ്യ ചിത്രമെന്ന നിലയിലാണ്.

ട്രാഫിക്കിന്റെ പത്തു വർഷങ്ങൾ എന്നാണ് ആസിഫ് അലിയുടെ കുറിപ്പ് തുടങ്ങുന്നത്. ‘നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല.. ഏതൊരു ദിവസത്തെയും പോലെ ഈ ദിവസവും കടന്നുപോകും, മറക്കപ്പെടും…പക്ഷെ നിങ്ങളുടെ ഒരൊറ്റ യെസ് ചിലപ്പോൾ ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാട് പേർക്ക് യെസ് പറയാൻ ധൈര്യം പകരുന്ന ചരിത്രം…’- ചിത്രത്തിലെ ഹിറ്റ് ഡയലോഗും ആസിഫ് അലി പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ക്ലൈമാക്സിൽ നിവിൻ പോളിയും ആസിഫ് അലിയും ചേർന്നുള്ള ഒരു ഹിറ്റ് രംഗമുണ്ട്. ക്ലൈമാക്സ് രംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആസിഫ് അലി ഓർമ്മകൾ കുറിക്കുന്നത്. ആസിഫ് അലിക്ക് പുറമെ ശ്രീനിവാസൻ, റഹ്‌മാൻ, കുഞ്ചാക്കോ ബോബൻ,അനൂപ് മേനോൻ, വിനീത് ശ്രീനിവാസൻ, സന്ധ്യ, റോമ, രമ്യ നമ്പീശൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

Read More: ഇവരൊക്കെയാണ് യഥാർത്ഥ ഹീറോസ്; ബൈക്ക് ആംബുലൻസുമായി ഇതുവരെ രക്ഷിച്ചത് 5000-ലധികം രോഗികളെ

ചെന്നൈയിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് ഈ ചിത്രത്തിന്റെ ആധാരം. ലിസ്റ്റിൻ സ്റ്റീഫൻ ആദ്യമായി നിർമ്മിച്ച ചിത്രം കൂടിയാണ് ട്രാഫിക്. മലയാള സിനിമയിൽ ഇനിയും ഇത്തരം സിനിമകൾ വരണം എന്ന് ചിന്തിപ്പിച്ച ചിത്രം കൂടിയായിരുന്നു ട്രാഫിക്.

Story highlights- ten years of traffic