‘സയിദ് മസൂദും ജതിൻ രാംദാസും ജിമ്മിൽ’- ‘എമ്പുരാൻ’ സൂചനയുമായി പൃഥ്വിരാജും ടൊവിനോ തോമസും

January 28, 2021

മലയാളികളുടെ പ്രിയ താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും, ടൊവിനോ തോമസും. സിനിമയിൽ ടൊവിനോ തോമസിന് ശ്രദ്ധേയമായ ഒരു ഇടമൊരുക്കിയത് പൃഥ്വിരാജാണ്. എന്ന് നിന്റെ മൊയ്‌തീൻ എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപത്രം ടൊവിനോയുടെ കയ്യിൽ ഭദ്രമായിരിക്കുമെന്നു പൃഥ്വിരാജിന് ഉറപ്പായിരുന്നു. അന്നുമുതൽ ഇരുവരും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. പിന്നീട്, ലൂസിഫർ എന്ന ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്തപ്പോൾ ടൊവിനോയ്ക്ക് വളരെ പ്രാധാന്യമുള്ള ഒരു കഥാപത്രത്തെ സമ്മാനിക്കുകയും ചെയ്തു.

ഇപ്പോഴിതാ, ഒന്നിച്ചുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രിയതാരങ്ങൾ. ഒന്നിച്ച് വർക്ക്ഔട്ട് ചെയ്യുന്ന ചിത്രങ്ങളാണ് പൃഥ്വിരാജ് സുകുമാരനും, ടൊവിനോ തോമസും പങ്കുവയ്ക്കുന്നത്. ‘സയിദ് മസൂദും ജതിൻ രാംദാസും ജിമ്മിൽ’ എന്ന ക്യാപ്ഷനൊപ്പമാണ് പൃഥ്വിരാജ് ചിത്രം പങ്കുവെച്ചത്. ടൊവിനോയുടെ ക്യാപ്ഷൻ അല്പം കൂടി രസകരമാണ്. ‘ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ , പിന്നീട് വേണ്ടെന്ന് വെച്ചു’ എന്നാണ് ടൊവിനോ കുറിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അണിയറയിൽ ഒരുങ്ങുന്നു എന്ന സൂചനയുമാണ് പൃഥ്വിരാജ് ചിത്രത്തിലൂടെ പങ്കുവെച്ചത്.

Read More: ‘കുഞ്ഞു കുഞ്ഞാലി’ ഫെബ്രുവരിയിലെത്തും- ആദ്യഗാനം പുറത്തുവിടാനൊരുങ്ങി മോഹൻലാൽ

അതേസമയം, ശരീരം ഫിറ്റായി കാത്തുസൂക്ഷിക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന രണ്ടു താരങ്ങളാണ് പൃഥ്വിരാജും ടോവിനോ തോമസും. ആടുജീവിതത്തിനായി നടത്തിയ മേക്കോവറിൽ നിന്നും പുത്തൻ ലുക്കിലേക്ക് ചേക്കേറിയ പൃഥ്വിരാജ് വർക്ക്ഔട്ട് ചിത്രങ്ങളും ശാരീരിക മാറ്റങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ടൊവിനോ തോമസ് അച്ഛനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചത് ശ്രദ്ധ നേടിയിരുന്നു. ടൊവിനോക്കൊപ്പം വീട്ടിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന അച്ഛന്റെ ചിത്രം ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.  ‘ വരൂ, നമുക്ക് ഒരുമിച്ച് ജിമ്മാം..അപ്പനേം കൂട്ടിക്കോ’ എന്ന കമന്റുമായി പൃഥ്വിരാജ് എത്തിയിരുന്നു.

Story highlights- tovino thomas and prithviraj work out