തിയേറ്ററുകള്‍ വീണ്ടും സജീവമാകുമ്പോള്‍ പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങി ജയസൂര്യയുടെ ‘വെള്ളം’

January 21, 2021
Vellam movie Release

കൊവിഡ് 19 മഹാമാരി തീര്‍ത്ത പ്രതിസന്ധിമൂലം നിശ്ചലമായിരുന്ന തിയേറ്ററുകള്‍ സജീവമായിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രവും വെള്ളം ആണ്. ജയസൂര്യയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. നാളെ (ജനുവരി 22) മുതല്‍ വെള്ളം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

മുരളി നമ്പ്യാര്‍ എന്നാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമിത മദ്യപാനിയായ ഒരു കഥാപാത്രമാണ് മുരളി നമ്പ്യാര്‍. സംയുക്താ മേനോന്‍, സ്നേഹ പാലിയേരി എന്നിവര്‍ ചിത്രത്തില്‍ നായികമാരായെത്തുന്നു. സിദ്ദിഖ്, സന്തോഷ് കീഴാറ്റൂര്‍, ബൈജു, നിര്‍മല്‍ പലാഴി, ശ്രീലക്ഷ്മി, ബാബു അന്നൂര്‍, ജോണി ആന്റണി, ഇടവേള ബാബു, ജിന്‍സ് ഭാസ്‌കര്‍, പ്രിയങ്ക, വെട്ടുകിളി പ്രകാശ്, മിഥുന്‍, ബാല ശങ്കര്‍, സിനില്‍ സൈനുദ്ദീന്‍, അധീഷ് ദാമോദര്‍, സതീഷ് കുമാര്‍, ശിവദാസ് മട്ടന്നൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. മലയാളികളുടെ പ്രിയതാരം ഇന്ദ്രന്‍സ് അതിഥി വേഷത്തിലും ചിത്രത്തിലെത്തുന്നു.

‘കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമ’ എന്നാണ് വെള്ളത്തെ ജയസൂര്യ വിശേഷിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വെള്ളത്തിനുണ്ട്. പൂര്‍ണമായും ലൈവ് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‌നറായാണ് വെള്ളം പ്രേക്ഷകരിലേക്ക് എത്തുന്നതും.

Story highlights: Vellam movie Release