ബബിതയും 200 സ്ത്രീകളും ചേര്‍ന്ന് അങ്ങനെ ആ ഗ്രാമത്തിന്റെ ദുരിതമകറ്റി
ഒരു ഗ്രാമത്തിന്റെ മുഴുവന്‍ ദുരിതമകറ്റാന്‍ മുന്‍കൈയെടുത്ത മിടുക്കിയാണ് ബബിത രജ്പുത്. മധ്യപ്രദേശിലെ അഗ്രോത എന്ന ഗ്രാമത്തിലെ ജലക്ഷാമത്തിനാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബബിതയുടെ നേതൃത്വത്തില്‍ പരിഹാരം കണ്ടെത്തിയത്. 2018 ന് മുമ്പുവരെ ഭീമമായ വരള്‍ച്ച ഈ ഗ്രാമത്തെ അങ്ങേയറ്റം പ്രതിസന്ധിയിലാക്കിയിരുന്നു. പല കര്‍ഷകര്‍ക്കും തങ്ങളുടെ കൃഷ്ടിയങ്ങള് പോലും നനയ്ക്കാന്‍ സാധിച്ചിരുന്നില്ല.
ഗ്രാമത്തിന്റെ സമീപത്തായി 70 ഏക്കര്‍ ചുറ്റളവില്‍ ഒരു തടാകമുണ്ട്. എന്നാല്‍ വരള്‍ച്ച ആ തടാകത്തേയും ബാധിച്ചിരുന്നു. മാത്രമല്ല മഴക്കാലത്ത് ഗ്രാമത്തില്‍ കിട്ടുന്ന ജലം സമീപത്തുള്ള നദിയില്‍ ലയിക്കാറായിരുന്നു പതിവ്. തടാകത്തില്‍ ലഭിയ്ക്കുന്ന ചെറിയ അളവിലുള്ള വെള്ളത്തെ ആശ്രയിച്ചായിരുന്നു ഗ്രാമവാസികള്‍ എല്ലാം കഴിഞ്ഞിരുന്നത്.
ഗ്രാമത്തിലെ ജലദൗര്‍ലഭ്യം പരിഹരിയ്ക്കാന്‍ അന്ന് പത്തൊന്‍പത് വയസ്സുകാരിയായിരുന്നു ബബിത രജ്പുത് തീരുമാനിച്ചു. ആര്‍ട്സ് വിദ്യാര്‍ത്ഥിയായിരുന്നു അക്കാലത്ത് അവര്‍. മഴവെള്ളം കുന്നിന്റെ ഒരുവശത്തേയ്ക്ക് തിരിച്ചുവിടുന്നതിനെക്കുറിച്ചും തടാകം നിറയ്ക്കുന്നതിനെക്കുറിച്ചും ഗ്രാമവാസികള്‍ ഏറെ ആലോചിച്ചു. എന്നാല്‍ കുന്നുകള്‍ വനം വകുപ്പിന്റെ കീഴിലായിരുന്നതിനാല്‍ അവിടെയെങ്ങും കുഴിയ്ക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. ഒടുവില്‍ ബബിത രജ്പുത് വനംവകുപ്പിന്റെ പ്രത്യേക അനുമതി നേടി.
Read more: ‘ബുള്ളറ്റ് റാണി’ എന്ന ഈ പെണ്‍കരുത്ത് വേറിട്ട മാതൃക
അങ്ങനെ ബബിതയും മറ്റ് 200 സ്ത്രീകളും ചേര്‍ന്ന് ഒരു തോട് കുഴിച്ചു. ആ തോട് പിന്നീട് ഗ്രാമവാസാികള്ക്കൊന്നാകെ ആശ്വാസമാവുകയായിരുന്നു. ഏഴ് മാസത്തോളം എടുത്താണ് തോട് നിര്‍മാണം പൂര്‍ത്തിയായത്. പുരുഷന്മാരുടെ സഹായവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അങ്ങനെ തടാകത്തില്‍ വെള്ളം നിറഞ്ഞു തുടങ്ങി. ബബിതയുടെ നേതൃത്വത്തില്‍ ഗ്രാമത്തിലെ സ്ത്രീകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ ജലദൗര്‍ലഭ്യം എന്ന കനത്ത വെല്ലുവിളിയെ ആ ഗ്രാമം അതിജീവിച്ചു.
Story highlights: 200 women solved water crisis