ആകാശമായവളേ… ആസ്വാദകഹൃദയങ്ങളിലേയ്ക്ക് ആര്‍ദ്രമായി പെയ്തിറങ്ങി വെള്ളം സിനിമയിലെ ഗാനം: വീഡിയോ

February 23, 2021
Akashamayavale Video Song From Vellam

കൊവിഡ് 19 മഹാമാരി തീര്‍ത്ത പ്രതിസന്ധിമൂലം അടഞ്ഞുകിടന്ന സംസ്ഥാനത്തെ തിയേറ്ററുകള്‍ സജീവമായിരിയ്ക്കുകയാണ്. ജയസൂര്യ നായകനായെത്തിയ വെള്ളം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ തിയേറ്ററുകളിലേയ്ക്ക് മടങ്ങിയെത്തിയത്. മികച്ച സ്വീകാര്യതയും നേടി ചിത്രം. പ്രജേഷ് സെന്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നു.

ശ്രദ്ധ നേടുകയാണ് വെള്ളം എന്ന സിനിമയിലെ മനോഹരമായൊരു പാട്ട്. ആകാശമായവളേ… എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. ബിജിബാല്‍ ഗാനത്തിന് സംഗീതം പകര്‍ന്നിരിയ്ക്കുന്നു. ഷഹബാസ് അമന്‍ ആണ് ആലാപനം. നിധീഷ് നടേരിയുടേതാണ് ഗാനത്തിലെ വരികള്‍. ആസ്വാദക മനസ്സുകളിലേയ്ക്ക് ആര്‍ദ്രമായി പെയ്തിറങ്ങുകയാണ് ഈ ഗാനം.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മറ്റ് ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മുരളി നമ്പ്യാര്‍ എന്നാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമിത മദ്യപാനിയായ ഒരു കഥാപാത്രമാണ് മുരളി നമ്പ്യാര്‍. സംയുക്താ മേനോന്‍ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.

‘കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമ’ എന്നാണ് വെള്ളത്തെ ജയസൂര്യ വിശേഷിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വെള്ളത്തിനുണ്ട്. പൂര്‍ണമായും ലൈവ് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‌നറായാണ് വെള്ളം പ്രേക്ഷകരിലേക്ക് എത്തിയതും.

Story highlights: Akashamayavale Video Song From Vellam