കണ്‍മുന്നിലെ കാഴ്ചകളെ ക്യാന്‍വാസിലേയ്ക്ക് പകര്‍ത്തി വിസ്മയങ്ങള്‍ ഒരുക്കുന്ന ബബിത

February 2, 2021
Amazing Painting artist Babitha Nair

സൈക്കിള്‍ റിപ്പെയര്‍ ചെയ്യുന്ന വയോധികന്‍, കപ്പ വില്‍ക്കാനിരിയ്ക്കുന്ന വൃദ്ധ… പിന്നെ പൂവും പുല്‍ച്ചാടിയും പുഴയോരവും… ഇതെല്ലാം ബബിതാ നായര്‍ എന്ന യുവതിയുടെ ക്യാന്‍വാസിലെ ചിത്രങ്ങളാണ്. ആദ്യ നോട്ടത്തില്‍ ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോയാണെന്ന് തോന്നുമെങ്കിലും ഇവയെല്ലാം ബബിത വരച്ചെടുത്തതാണ് എന്നറിയുമ്പോള്‍ അറിയാതെ കൈയടിച്ചു പോകും.

തിരുവനന്തപുരം സ്വദേശിനിയാണ് ബബിത നായര്‍. കണ്ണില്‍ കാണുന്ന കാഴ്ചകളെല്ലാം ഇവര്‍ ക്യാന്‍വാസിലേയ്ക്ക് പകര്‍ത്തുന്നു. ഭംഗിയും തീവ്രതയും ഒട്ടും ചോരാതെ തന്നെ. നിത്യജീവിതത്തില്‍ കാണുന്ന പല കാഴ്ചകളും അതേ മികവോടെ ബബിത ക്യാന്‍വാസില്‍ പകര്‍ത്തുന്നുണ്ട്. ഒരു പക്ഷെ വരും തലമുറയ്ക്ക് നേരിട്ട് അനുഭവിച്ചറിയാന്‍ സാധ്യമല്ലാത്ത പലതും ബബിതയുടെ ക്യാന്‍വാസുകളിലുണെന്ന് പറയാം. കൂടുതലും ഗ്രാമീണത നിറഞ്ഞ ചിത്രങ്ങള്‍.

Read more: ഇതിലും മികച്ചൊരു അനുകരണം വേറെയില്ല; യുവയുടെ നടപ്പിന് രസികന്‍ അനുകരണവുമായി മൃദുല

യാത്രകളിലും വീടിനുള്ളിലും ഒക്കെ കാണുന്ന കാഴ്ചകളാണ് അതേപടി ബബിത ക്യാന്‍വാസില്‍ പകര്‍ത്തുന്നത്. വളരെ സൂക്ഷമമായ കാര്യങ്ങളില്‍ പോലും വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ അവയെല്ലാം വരച്ചെടുക്കുന്നു. ഫോട്ടോയാണെന്ന തരത്തില്‍ ബബിത വരച്ച ചിത്രങ്ങള്‍ പലതും സൈബര്‍ ഇടങ്ങളില്‍ പോലും പ്രചരിച്ചു. അല്‍പം വിഷമമുണ്ടാക്കിയെങ്കിലും മികവാര്‍ന്ന തന്റെ ചിത്രങ്ങള്‍ക്കുള്ള അംഗീകരാമായി കാണുകയായിരുന്നു ബബിത ഇത്തരം പ്രചരണങ്ങളെയൊക്കെ.

ഓരോ മുഖങ്ങളിലേയും ഭാവങ്ങളും വികാരങ്ങളുമെല്ലാം വേണ്ടുവോളം പ്രതിഫലിച്ചിട്ടുണ്ട് ഈ ചിത്രങ്ങളിലൊക്കെയും. വരും തലമുറയിലെ കുട്ടികളോട് ഇങ്ങനെയൊരു കാലഘട്ടം കൂടി ഉണ്ടായിരുന്നു എന്ന് ഈ ചിത്രങ്ങളിലൂടെ പറയാനും ബബിത ആഗ്രഹിയ്ക്കുന്നു.

Story highlights: Amazing Painting artist Babitha Nair