രോഗാവസ്ഥയെ എഴുതി തോല്‍പ്പിച്ച മിടുക്കി; അറിയാം ഈ ജീവിതം
ചിലര്‍ക്കെങ്കിലും പരിചിതമാണ് കുലി കോഹ്ലി എന്ന പേര്. ഒരുപക്ഷെ പലരും വായിച്ചിട്ടുണ്ടാകും കുലിയുടെ പുസ്തകങ്ങള്‍. എന്നാല്‍ വെറുമൊരു എഴുത്തുകാരി എന്ന വാക്കില്‍ ഒതുക്കാനാവില്ല കുലി എന്ന പെണ്‍കരുത്തിനെ. അതിനമപ്പുറം ഇവര്‍ നല്കുന്ന പ്രചോദനം ചെറുതല്ല. ജീവിതവെല്ലുവിളികളെ എഴുതി തോല്പിച്ച കുലി വര്‍ണ്ണനകള്‍ക്ക് അതീതമായ പ്രതിഭയാണ്.
സെറിബ്രള്‍ പാള്‍സിയെ എഴുതി തോല്പിയ്ക്കുകയാണ് കുലി. ഈ ജീവിതത്തിന് മൂന്നില്‍ എല്ലാ പ്രതിസന്ധികളും വെല്ലുവിളികളും നാളുകള്‍ക്ക് മുന്നേ അടിയറവു പറഞ്ഞു കഴിഞ്ഞു. ഇനി ഈ ജീവിതത്തെക്കുറിച്ച്…..
1970-ല്‍ ഉത്തര്‍പ്രദേശിലെ ചെറിയ ഒരു ഗ്രാമത്തില്‍ ആയിരുന്നു കുലിയുടെ ജനനം. എന്നാല്‍ ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുലി ഒരു സാധാരണ കുട്ടിയല്ലെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. സെറിബ്രല്‍ പാള്‍സി എന്ന രോഗാവസ്ഥയെക്കുറിച്ച് ഡോക്ടര്‍മാരും വിശദീകരിച്ചു. കുലിയുടേത് ഒരു സാധാരണ ഗ്രാമമായിരുന്നു. രോഗാവസ്ഥയെക്കുറിച്ച് കൂടുതല്‍ അറിയില്ലെങ്കിലും കുലിയെ ഉപേക്ഷിക്കാനാണ് ഏറെ പേരും പറഞ്ഞത്.
ഈ വാക്കുകള്‍ അവളുടെ അച്ഛനെ തളര്‍ത്തി. പക്ഷെ മറ്റൊന്നൊനു വേണ്ടിയും തന്റെ മകളെ ഉപേക്ഷിക്കാന്‍ അദ്ദേഹം തയാറായില്ല. മാത്രമല്ല കൂടുതല്‍ സ്നേഹത്തോടെ അവളെ വളര്‍ത്താനും തുടങ്ങി. മറ്റുള്ളവരുടെ കളിയാക്കലുകള്‍ വര്‍ധിച്ചു വന്നപ്പോഴേയ്ക്കും കുലിയുടെ മാതാപിതാക്കള്‍ മകളേയും കൂട്ടി യുകെയിലേയ്ക്ക് പോയി. കുലി ശാപം കിട്ടിയവളാണെന്നും രോഗം മറ്റുള്ളവരിലേയ്ക്ക് പകരുമെന്ന് പലരും പറഞ്ഞപ്പോള്‍ പിറന്ന നാടിനെ വിട്ട് അവള്‍ക്ക് പോകേണ്ടി വന്നു. അന്ന് രണ്ടര വയസ്സായിരുന്നു കുലിയുടെ പ്രായം.
Read more: ‘ബുള്ളറ്റ് റാണി’ എന്ന ഈ പെണ്‍കരുത്ത് വേറിട്ട മാതൃക
യുകെയില്‍ വളര്‍ന്നുതുടങ്ങിയ കുലി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ഒരു സ്പെഷ്യല്‍ സ്കൂളില്‍ പഠനം ആരംഭിച്ചു. എന്നാല്‍ അവിടേയും ചില കളിയാക്കലുകള്‍ നേരിടേണ്ടി വന്നു കുലിയ്ക്ക്. സ്കൂളില്‍ മാത്രമല്ല സ്കൂളിന് പുറത്തും. കളിയാക്കലുകളെ ഭയന്ന് കുലി സംസാരം പോലും കുറച്ചു. അങ്ങനെ പറയുവാനുള്ളത് പലതും അവള് എഴുതിത്തുടങ്ങി. കുലിയുടെ ജീവിതത്തെ പോലും മാറ്റിമറിയ്ക്കുകയായിരുന്നു ആ തുടക്കം എന്നു പറയാം.
പതിമൂന്നാം വയസ്സില്‍ കുലി സ്പെഷ്യല്‍ സ്കൂളില്‍ നിന്നും മറ്റൊരു സ്കൂളിലേയ്ക്ക് മാറി. മികച്ച കൂട്ടുകാരേയും ലഭിച്ചു അവിടെ. എങ്കിലും എഴുത്ത് തുടര്‍ന്നു. ഇതിനിടെ കുലിയുടെ വിവാഹവും കഴിഞ്ഞു. ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ഭര്‍ത്താവാണ് കുലിയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നത്. വിവാഹശേഷവും എഴുത്ത് തുടര്‍ന്നു. വോള്വര്ഹംപ്ടണ് എന്ന ലൈബ്രറിയിലെ ലിറ്ററേച്ചര്‍ ഡെവലപ്മെന്റ് ഓഫീസറായ സൈമണ്‍ ഫ്രച്ചറാണ് കുലിയുടെ എഴുത്തുകള്‍ ശ്രദ്ധിച്ചതും പബ്ലിഷ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചതുമെല്ലാം. അങ്ങനെ ജീവന് തുടിയ്ക്കുന്ന കുലിയുടെ എഴുത്തുകള്‍ ലോകം വായിച്ചു…, വായിച്ചുകൊണ്ടേയിരിയ്ക്കുന്നു…. ഇനിയും വായിക്കും. കാരണം അതിജീവനത്തിന്റെ വെളിച്ചവും ആത്മവിശ്വാസത്തിന്റെ കരുത്തുമുണ്ട് കുലിയുടെ എഴുത്തുകളില്‍….
Story highlights: Inspiring Life Story Of Kuli Kohli